ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിയമസഭയിൽ ആദ്യ രാഷ്‌ട്രീയ വിജയം സ്വന്തമാക്കി ജോസഫ് വിജയ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ സ്ഥാനാർത്ഥി ജെ.സി.ഡി പ്രഭാകർ തമിഴ്‌നാട് നിയമസഭയുടെ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർത്ഥികളെ നിർത്താതിരുന്നതാണ് പ്രഭാകറിന്റെ വിജയം സുഗമമാക്കിയത്.ജെ.സി.ഡി പ്രഭാകർ തമിഴ് രാഷ്‌ട്രീയത്തിലെ അതികായനാണ്.
ജയലളിതയടക്കമുള്ളവരുടെ സർക്കാരുകളുടെ കാലത്ത് എംഎൽഎയായിരുന്ന അപൂർവ്വ നേട്ടം ഇദ്ദേഹത്തിനുണ്ട്. 1980-ൽ 28-ാം വയസ്സിൽ എഐഎഡിഎംകെയിലൂടെയാണ് ആദ്യമായി നിയമസഭയിലെത്തിയത്. മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം 2026 ജനുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ ചേർന്നത്. തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്ന് ഡിഎംകെയുടെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് ഇത്തവണ സഭയിലെത്തിയത്. തുറയൂർ എംഎൽഎ എം. രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ.
സഭാ നടപടികളിലെ പ്രഭാകറിന്റെ ദീർഘകാല പരിചയം വിജയ് സർക്കാരിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ വീടുകൾ സന്ദർശിച്ച വിജയ്‌യുടെ നയതന്ത്ര നീക്കങ്ങൾ ഫലം കണ്ടു എന്നതിന്റെ തെളിവാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. സ്പീക്കർ കസേരയിലേക്ക് ജെ.സി.ഡി പ്രഭാകറിനെയും ഡെപ്യൂട്ടി സ്പീക്കർ എം. രവിശങ്കറിനെയും ടിവികെ നേതാവ് സെങ്കോട്ടയ്യനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്നാണ് ആനയിച്ചത്.
















