കോട്ടയം: നിങ്ങളുടെ അഭിരുചികള്‍ എഐയോട് പറയുക. നിമിഷങ്ങള്‍ക്കകം നിങ്ങളുടെ വീടിന്റെ ഡിസൈനും ഇന്റീരിയറും അടക്കം റെഡി! ആര്‍ക്കിടെക്ടുകള്‍ ആഴ്ചകള്‍ എടുത്ത് തയ്യാറാക്കിയിരുന്ന ബില്‍ഡിംഗ് ഡിസൈനുകളാണ് നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മുന്നിലെത്തുക.
ജമിനിയും ചാറ്റ് ജിപിടിയും അടക്കം ഒട്ടേറെ എ ഐ ടൂളുകള്‍ കളം നിറഞ്ഞതോടെ ബില്‍ഡിംഗ് ഡിസൈനര്‍മാരുടെ പണി അവതാളത്തിലായി. വീടുകള്‍ പണിയുന്നവരില്‍ മൂന്നിലൊന്നു പേരെങ്കിലും ഇപ്പോള്‍ എ. ഐ ടൂളുകളെയാണ് ആശ്രയിക്കുന്നതെന്ന് പുതിയ പഠനം പറയുന്നു. കാലത്തിനൊപ്പം മുന്നേറാന്‍ എഐ സോഫ്റ്റ്വെയറുകള്‍ വന്‍വിലകൊടുത്ത വാങ്ങി തങ്ങളുടെ ജോലി സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് ഡിസൈനര്‍മാര്‍. ഏതാനും വര്‍ഷങ്ങള്‍ കൂടി എഐ യെ സഹായിയായി നിലനിര്‍ത്താനായേക്കും. എങ്കിലും വൈകാതെ ആര്‍ക്കിടെക്ടിനു പകരക്കാരനായി സാങ്കേതികവിദ്യ വളരുമെന്ന് തന്നെയാണ് സൂചനകള്‍.
















