ന്യൂദല്‍ഹി: എഐ (കൃത്രിമ ബുദ്ധി) അതിവേഗത്തിൽ വളരുകയാണെന്നും നിയന്ത്രണങ്ങളില്ലാതെ മുന്നോട്ട് പോയാൽ ഈ ദശകത്തിന്റെ അവസാനത്തോടെ തന്നെ അത് മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കിയേക്കാമെന്നും അതേ സമയം മനുഷ്യന്‍ വിചാരിച്ചാല്‍ ഈ വിപത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാന്‍ കഴിയുമെന്നും ‘ആന്ത്രോപിക്’ (Anthropic) സിഇഒ ഡാരിയോ അമോഡി. എഐ മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കിയേക്കാമെന്ന കമ്പനിയിലെ മുൻ ഗവേഷകനായ ജേക്കബ് കോക്സന്‍ നല്‍കിയ മുന്നറിയിപ്പിനോട് അദ്ദേഹം യോജിക്കുന്നുണ്ടെങ്കിലും, എഐ സാങ്കേതികവിദ്യയെ കൂടുതൽ സുരക്ഷിതമാക്കാൻ മനുഷ്യർക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസം ഡാരിയോ അമോഡിയ്‌ക്കുണ്ട്.
മനുഷ്യരെ നശിപ്പിക്കാത്ത വിധം എഐ സാങ്കേതികവിദ്യയെ സുരക്ഷിതമാക്കാന്‍ എഐ വ്യവസായം അതിന്റെ വികസന വേഗത കുറയ്‌ക്കണമെന്നും അമോഡി നിര്‍ദേശിക്കുന്നു. ‘ആന്ത്രോപിക്’ മുൻ ഗവേഷകനായ ജേക്കബ് കോക്സന്റെ രാജിയെത്തുടർന്ന് സിഎൻഎന്നിന്റെ ആൻഡേഴ്സൺ കൂപ്പറുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് അമോഡി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഈ ദശകത്തിന്റെ അവസാനത്തോടെ AI-ക്ക് “നമ്മെയെല്ലാം കൊല്ലാൻ” കഴിയുമെന്ന് അത് വികസിപ്പിക്കുന്നവർ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടെന്ന് കോക്സൺ പറഞ്ഞിരുന്നു. എഐ വ്യവസായം അമിതവേഗതയിലാണ് മുന്നോട്ട് കുതിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കോക്സന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ, താൻ അതിനോട് യോജിക്കുന്നുണ്ടെന്നും എന്നാൽ എല്ലാ കാര്യങ്ങളോടും യോജിക്കുന്നില്ലെന്നും അമോഡി പറഞ്ഞു. AI മനുഷ്യരാശിയെ ഇല്ലാതാക്കാനുള്ള സാധ്യതയെ ഒരു നിശ്ചിത ശതമാനമായി കണക്കാക്കുന്നതിനോട് അമോഡി വിയോജിപ്പ് പ്രകടിപ്പിച്ചു. “10 ശതമാനം സാധ്യതയുണ്ട് എന്ന് പറയുന്നത് ഒരു ഭാഗ്യപരീക്ഷണം പോലെ തോന്നിക്കുന്നു.” AI വികസനത്തിന് സ്വീകരിക്കാവുന്ന വിവിധ വഴികളെക്കുറിച്ച് ചിന്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
















