പത്തനംതിട്ട: പിണറായി വിജയന്‍ സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തിയതു മുതല്‍ ശബരിമലയില്‍ നടത്തിയ ഇടപെലുകളും നിയമനങ്ങളും പരിശോധിക്കുമ്പോള്‍ സ്വര്‍ണക്കൊള്ള സംഭവത്തില്‍ ദുരൂഹതയേറുന്നു.
2017 നവംബറില്‍ സിപിഎം നേതാവ് എ. പത്മകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും സിപിഐ നേതാവ് ശങ്കരദാസിനെ മെമ്പറായും നിയമിക്കുന്നു. ഈ സംഘത്തിന്റെ ഉത്തരവ് പ്രകാരം 2019 മാര്‍ച്ച് 11ന് ശ്രീകോവിലില്‍ പുതിയ വാതില്‍ പാളികള്‍ നിര്‍മിച്ച് സ്വര്‍ണം പൂശി സ്ഥാപിക്കുന്നു. ശേഷം കട്ടിളകള്‍, ദ്വാരപാലക പാളികള്‍ തുടങ്ങി നല്ലൊരു ഭാഗം സ്വര്‍ണം എടുത്തു മാറ്റാന്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് വഴിയൊരുക്കാന്‍ ഒത്താശ ചെയ്ത ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ എന്‍. വാസു 2019 മാര്‍ച്ച് 31ന് പടിയിറങ്ങുന്നു.
ഏഴു മാസത്തിന് ശേഷം 2019 നവംബറില്‍ വാസുവിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അവരോധിച്ചതും സംശയം ജനിപ്പിക്കുന്നു. ഈ വിചിത്രമായ നിയമനത്തിന് സാധുത പകരുന്ന ഒരു സേവനവും വാസുവിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കൂടാതെ അദ്ദേഹം ഈശ്വരവിശ്വാസിയുമല്ല. അതിനാല്‍ നിയമനത്തിനു പിന്നില്‍ നിഗൂഢത ഉണ്ടെന്നു തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ദ്വാരപാലക ശില്‍പത്തിന്റെ പീഠങ്ങള്‍ സ്വര്‍ണം പൂശി സ്ഥാപിക്കുന്നത് 2020ല്‍ എന്‍. വാസു പ്രസിഡന്റായ കാലത്താണെന്ന കാര്യം ശ്രദ്ധേയമാണ്. 2021 നവംബറില്‍ സിപിഎം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള രണ്ടു വര്‍ഷം ദേവസ്വം മാനുവല്‍ അനുസരിച്ച് മാത്രമേ നിര്‍മാണങ്ങള്‍ ശബരിമലയില്‍ നടന്നിരുന്നുള്ളു. 2023 നവംബറില്‍ പിഎസ്. പ്രശാന്ത് ദേവസ്വം പ്രസിഡന്റായി ചുമതല ഏറ്റ് അധികം കഴിയും മുമ്പു തന്നെ ദ്വാരപാലക പാളികളില്‍ വീണ്ടും സ്വര്‍ണം പൂശാനുള്ള നടപടികള്‍ ആരംഭിച്ചതായി തെളിവുകള്‍ വ്യക്തമാക്കുന്നു.
2024 മണ്ഡലകാലത്തിന് മുമ്പ് പാളികളില്‍ സ്വര്‍ണം പൂശാനായിരുന്നു തിരക്കിട്ട നീക്കമെങ്കിലും നടന്നില്ല. 2019ല്‍ പൂശിയ സ്വര്‍ണം കേവലം നാലു വര്‍ഷത്തിനുള്ളില്‍ മാഞ്ഞുപോയത് മറയ്‌ക്കാന്‍ നടത്തിയ ശ്രമമാണ് ഇതിനു പിന്നിലെന്ന് എസ്‌ഐടി തുടക്കം മുതല്‍ തന്നെ സംശയിച്ചിരുന്നു. 2024ല്‍ നടക്കാതെ പോയ സ്വര്‍ണം പൂശലാണ് 2025-ല്‍ പ്രാവര്‍ത്തികമാക്കിയത്. സ്‌പെഷല്‍ കമ്മിഷണര്‍ പോലും അറിയാതെ അതീവ രഹസ്യമായി നടപ്പാക്കിയ കള്ളക്കളി ആരുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന ചോദ്യവും ഉയരുന്നു.
















