ന്യൂദല്‍ഹി: സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉമ്മീദ് പോര്‍ട്ടല്‍ അടച്ചു. ആറ് മാസത്തേയ്‌ക്കാണ് ഉമ്മീദ് പോര്‍ട്ടല്‍ പ്രവര്‍ത്തിച്ചത്. ഡിസംബര്‍ ആറ് വരെയായിരുന്നു സമയപരിധി നിശ്ചയിച്ചത്. ആവശ്യക്കാര്‍ക്ക് വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാവുന്നതാണെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
പോര്‍ട്ടലിന്റെ സമയപരിധി നീട്ടിയില്ലെങ്കിലും വഖഫ് സ്വത്ത് വിഷയത്തില്‍ ട്രൈബ്യൂണലിനെ സമീപിക്കാം. രജിസ്‌ട്രേഷന്‍ വൈകിയതിനുള്ള പിഴ മൂന്ന് മാസത്തേയ്‌ക്ക് ഈടാക്കില്ലെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
വഖഫ് സ്വത്തുക്കളുടെ ഉപയോഗം കാര്യക്ഷമമാണെന്ന് ഉറപ്പ് വരുത്തുന്നതിനായി 1995 ലെ യൂണിഫൈഡ് വഖഫ് മാനേജ്‌മെന്റ് ഇംപ്രൂവ്‌മെന്റ് എഫിഷ്യന്‍സി ആന്‍ഡ് മാനേജ്‌മെന്റ് (ഉമ്മീദ്) നിയമ പ്രകാരം ജൂണ്‍ ആറിനാണ് കേന്ദ്രം പോര്‍ട്ടല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 5,17,040 സ്വത്തുക്കള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 2,16,905 സ്വത്തുക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. 10,869 സ്വത്തുക്കളുടെ അപേക്ഷ നിരസിച്ചു. വഖഫ് സ്വത്തുക്കളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2,13,941 അപേക്ഷകളും പോര്‍ട്ടല്‍ വഴി ലഭിച്ചിട്ടുണ്ട്. ഇവ പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ദല്‍ഹിയില്‍ രണ്ട് ദിവസത്തെ ട്രെയിനിങ്ങും പ്രായോഗിക പരിശീലനവും നല്‍കിയാണ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചത്.
പോര്‍ട്ടല്‍ ആരംഭിച്ചതിനുശേഷവും വിശദാംശങ്ങള്‍ സമയബന്ധിതമായും കൃത്യമായും പോര്‍ട്ടലില്‍ ചേര്‍ക്കുന്നത് വിലയിരുത്താന്‍ ന്യൂനപക്ഷകാര്യ മന്ത്രാല സെക്രട്ടറി ഡോ. ചന്ദ്രശേഖര്‍ കുമാറിന്റെ നേതൃത്വത്തില്‍ അവലോകന യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.











