ഇന്‍ഡോര്‍: സംഗീത സംവിധായകനും സംവിധായകനുമായ പലാഷ് മുച്ചല്‍ കഴിഞ്ഞ ദിവസം പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പത്രസമ്മേളനത്തിനിടെ ഇത്രയേ പറഞ്ഞുള്ളൂ: ‘അവള്‍ ഉടന്‍ തന്നെ ഇന്‍ഡോറിന്റെ മരുമകളാകും… അതാണ് എനിക്ക് പറയാനുള്ളത്.’
ഇന്ത്യയിലെ ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളായ സ്മൃതി മന്ദാനയും സംവിധായകനും ബഹുമുഖ പ്രതിഭയുമായ പലാഷ് മുച്ചലും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ ഏറെക്കാലമായി സജീവമായി നില്‍ക്കെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യവും ഈ ഉത്തരവും. ഇതോടെ പലാഷ് മുചാലിന്റെയും സ്മൃതി മന്ദാനയുടെയും വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ആരംഭിച്ചു. പലാഷും സ്മൃതിയും 2019 മുതല്‍ പരസ്പരം ഡേറ്റിംഗിലാണെന്നും അവര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ചിത്രങ്ങള്‍ പങ്കിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെന്നുമാത്രമല്ല, നിശബ്ദത പാലിക്കുകയുമായിരുന്നു. അതിനിടയിലാണ് പലാഷിന്റെ ഈ പ്രതികരണമുണ്ടായത്. കൂടുതല്‍ വിശദീകരണം തേടി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും അദ്‌ദേഹം മുതിര്‍ന്നിട്ടില്ല. ആ വാക്കുകളില്‍നിന്ന് ആരാധകര്‍ക്ക് സ്വന്തം നിഗമനങ്ങളില്‍ എത്തിച്ചേരാമെന്നു മാത്രം.











