തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ഭീഷണിയില്‍ ജീവനക്കാര്‍ പൊറുതി മുട്ടിയതോടെ നടപടിയുമായി രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് മിനി കാപ്പന്‍. ജീവനക്കാരുടെ പ്രവര്‍ത്തന കാര്യങ്ങളില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ലെന്ന് സര്‍ക്കുലര്‍ ഇറക്കി. വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതിനെതിരെ പോലീസില്‍ പരാതി നല്‍കിയസാഹചര്യത്തിലാണ് നടപടി.
സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ അധ്യക്ഷത വഹിക്കുന്നതോ വൈസ് ചാന്‍സലര്‍ അധികാരപ്പെടുത്തുന്നതോ ആയ ഔദ്യോഗികയോഗത്തില്‍ മാത്രമാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരങ്ങളുള്ളത്. സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ ജീവനക്കാരയോ ഫയലുകളോ വിളിച്ചു വരുത്താനോ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനോ അധികാരമില്ല. വ്യക്തിഗതമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും ഉത്തരവുകളും ജീവനക്കാര്‍ അംഗീകരിക്കേണ്ടതില്ല. ഒന്നിലധികം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചേര്‍ന്നുള്ള സംഘത്തിനും നിയമപരമായ അധികാരങ്ങളില്ല. ഏതെങ്കിലും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമന്‍സുകള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ക്കോ മറുപടി നല്‍കേണ്ടതുമില്ല. അത്തരം സംഭവങ്ങളുണ്ടായില്‍ വൈസ് ചാന്‍സലറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.\
ആഗസ്ത് ഒന്നിന് വിസി മോഹനന്‍ കുന്നുമ്മല്‍ വിളിച്ചുചേര്‍ത്ത ജീവനക്കാരുടെ യോഗത്തില്‍ സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാറുടെ ലോഗിന്‍ ഐഡി റദ്ദാക്കി പുനക്രമീകരിച്ചു. മാത്രമല്ല ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി.
ഇതിന് പിന്നാലെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജെ.എസ്.ഷിജുഖാനും മുരളീധരന്‍ പിള്ളയും സിന്‍ഡിക്കേറ്റ് ഹാളില്‍ കയറി അനധകൃത യോഗം ചേര്‍ന്ന് വനിതകളുള്‍പ്പെടെയുള്ള ജീവനക്കാരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ ഇടതു സംഘടന അംഗങ്ങള്‍ ഉള്‍പ്പെടെ ഷിജുഖാന്റെയും മുരളീധരന്‍പിള്ളയുടെയും ആവശ്യം നിരാകരിച്ചു. പിന്നാലെ ജീവനക്കാരുടെ സംഘടനകള്‍ വിസിക്ക് പരാതി നല്‍കി. ഈ പരാതികള്‍ രജിസിട്രാര്‍ ചാര്‍ജ്ജുള്ള മിനി കാപ്പന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ അധികാരം വ്യക്തമാക്കി മിനി കാപ്പന്‍ സര്‍ക്കുലര്‍ ഇറക്കിയത്.
















