നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു പിന്നാലെ രാജ്യത്തിന്റെ വിദേശ നയം സജീവമാക്കിയതിനൊപ്പം കൂടുതല്‍ ദൃഢമാക്കി. മുന്‍കാല നയങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ നിലനിര്‍ത്തിയും എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ ദൃഢമാക്കിയുമുള്ള സമീപനത്തില്‍ ലോകരാജ്യങ്ങള്‍ ഭാരതത്തിന്റെ തോഴരായി മാറി.
മുന്‍ പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായി നാല് നയങ്ങള്‍ വിദേശനയത്തിന് അടിസ്ഥാനമാക്കി. ഒന്നാമത് സുരക്ഷ, രണ്ടാമത് വികസനം, മൂന്നാമത് അയല്‍രാജ്യങ്ങളുമായുള്ള ബന്ധം, നാലാമത് പ്രവാസി സമൂഹം അഥവാ ഡയസ്‌പോറ. അതിനൊപ്പം ആഗോള വിഷയങ്ങളില്‍ മുന്‍പ് മാറിനിന്നിരുന്ന നയത്തില്‍ മാറ്റം വരുത്തി. തീരത്ത് കാഴ്‌ച്ചക്കാരായി നില്‍കുന്നതിനു പകരം മോദി ഭരണകൂടം അന്താരാഷ്‌ട്ര തലത്തില്‍ കൂടുതല്‍ സജീവമായി ഇടപെടാനും തുടങ്ങി. അന്താരാഷ്‌ട്രതലത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്താനാകുമെന്ന ഒരു പരീക്ഷണം കൂടിയായിരുന്നു ആ മാറ്റം. അത് അക്ഷരാര്‍ത്ഥത്തില്‍ ഫലം കണ്ടു.
സഫലമായ സന്ദര്‍ശനങ്ങള്‍
സര്‍ക്കാരിന്റെ ആദ്യ ഊഴത്തില്‍ തന്നെ നരേന്ദ്ര മോദി 56 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വെറുതെ രാജ്യം സന്ദര്‍ശിച്ച് രാജ്യത്തലവന്മാരുമായി ചര്‍ച്ച നടത്തി മടങ്ങുന്നതിന് പകരം പ്രവാസി ഭാരതീയ ദിവസ് പോലുള്ള വേദികളിലൂടെ പ്രവാസി സമൂഹത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രവാസി ശക്തിയെ നയതന്ത്രത്തിന്റെ ഭാഗമാക്കി.
ആദ്യ വാഷിങ്്ടണ്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രസിഡന്റ് ഒബാമയെ കാണുന്നതിനു മുമ്പ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഒരു ഡയസ്‌പോറ മീറ്റിങ്ങിലാണ് ആദ്യം പോയത്. പ്രവാസികള്‍ ഭാരതത്തിന്റെ സൈനികരാണെന്ന വാക്കുകള്‍ ലോകം കേട്ടു. അമേരിക്കയിലെ ഒരു ശതമാനം ഭാരതീയരെ ഉപയോഗിച്ച് അന്താരാഷ്‌ട്ര ബന്ധങ്ങളില്‍ സ്വാധീനം ചെലുത്താം എന്ന നയതന്ത്രനീക്കം വിജയം കണ്ടു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അദ്ദേഹം രീതി മാറ്റി. ഗള്‍ഫ് രാജ്യങ്ങളുടെ മേധാവിമാരെ സ്വാധീനിക്കാനാകുന്ന കഴിവ് തെളിയിച്ച ഭാരതീയരെ ഉപയോഗിച്ച് നയതന്ത്ര നീക്കം നടത്തി. അമേരിക്കയുമായി സൗഹൃദം ദൃഢപ്പെടുത്തിയപ്പോള്‍ തന്നെ സമാന്തരമായി റഷ്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി സൗഹൃദവും മികച്ചതാക്കി.
കൊവിഡ് കാലത്തെ ‘വാക്‌സിന്‍ നയതന്ത്രം’ ആഗോളതലത്തില്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. റഷ്യ- ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുപക്ഷത്തുനിന്നും കടുത്ത സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടും സമാധാനത്തിന്റെ പക്ഷത്താണ് ഭാരതം നിലയുറപ്പിച്ചത്. റഷ്യയുമായുള്ള ദീര്‍ഘകാല സൗഹൃദം നിലനിര്‍ത്തുമ്പോള്‍ തന്നെ, ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ ഭാരതം തയാറായി. ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്‍ ഭരണകൂടങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും ‘ക്വാഡ്’ (ഭാരതം, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ) സഖ്യത്തിലൂടെ ചൈനയുടെ ഭീഷണികളെ പ്രതിരോധിക്കാനും ഭാരതം ശ്രമിക്കുന്നുണ്ട്.
പേഴ്‌സണല്‍ ഡിപ്ലോമസി
തീവ്രവാദത്തിനെതിരെയുള്ള ശക്തമായ നിലപാടുകള്‍ പാകിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തി. ചൈന- പാകിസ്ഥാന്‍ സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റ് ആഗോള ശക്തികളുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് ഈ പ്രതിസന്ധികളെ നയതന്ത്രപരമായി നേരിടുകയാണ്. ഗ്ലോബല്‍ സൗത്ത്, ജി20 എന്നിവയിലെ നേതൃത്വപരമായ പങ്ക് ലോക ക്രമത്തില്‍ രാജ്യത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ചു.
മോദിയുടെ നയതന്ത്ര മാജിക്കിന്റെ മറ്റൊരു ഭാഗമാണ് പേഴ്‌സണല്‍ ഡിപ്ലോമസി അഥവാ വ്യക്തിപരമായ നയതന്ത്രം. ചെറിയ രാജ്യങ്ങളില്‍ പോലും അദ്ദേഹം പോകുന്നു, ഭരണാധികാരികളുമായി സൗഹൃദം സ്ഥാപിക്കുന്നു. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ ശബ്ദത്തിന് ഇന്ന് വലിയ ശക്തിയുണ്ട്.
പാകിസ്ഥാന്റെ കാര്യത്തില്‍ അദ്ദേഹം ശക്തി ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഒരു ഒത്തുതീര്‍പ്പും ഇല്ലാതെയാണ് പാകിസ്ഥാനെ നേരിട്ടത്. ‘ചര്‍ച്ചയും ഭീകരവാദവും ഒരുമിച്ച് പോകില്ല’ എന്ന നീക്കവും തീവ്രവാദത്തില്‍ പൊറുതി മുട്ടിയ വടക്കന്‍ രാജ്യങ്ങളേയും ഒരുമിച്ച് ചേര്‍ത്തുള്ള തീവ്രവാദ വിരുദ്ധ നീക്കവും പരമപ്രധാനമാണ്. അങ്ങനെ അയല്‍രാജ്യങ്ങളുടെ ഉള്‍പ്പടെ വെല്ലുവിളികള്‍ ഒരുപാടുണ്ടെങ്കിലും വ്യത്യസ്തമായ നയതന്ത്രമാജിക്കിലൂടെ മോദി അത് നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. അണുവായുധം ഭാതം പരീക്ഷിച്ചതിന് പി
ന്നാലെ അമേരിക്കയെടുത്ത നിലപാടുകള്‍ പഠിക്കാന്‍ 1999ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് വാഷിങ്ടണിലേക്ക് അയച്ചത് മോദിയെ ആയിരുന്നു. അന്ന് അമേരിക്കയില്‍ അംബാസിഡറായിരുന്നപ്പോള്‍ ഒന്നിച്ചുള്ള പരിപാടികളില്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ അടുത്തറിഞ്ഞിരുന്നു. അന്നേ അദ്ദേഹം അസാധാരണ വ്യക്തിത്വം തെളിയിച്ചിരുന്നു. അതേ ആവേശത്തിലാണ് ഇന്നും അദ്ദേഹം വിദേശ രാജ്യങ്ങളെ സമീപിക്കുന്നത്.
















