പ്രപഞ്ചസാക്ഷിയെ തന്റെ തൂലികയില്‍ ആവാഹിച്ച് കാവ്യഗംഗ തീര്‍ക്കുകയാണ് ഡോ. ജയദേവന്. സൂര്യകവി എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ കവിതകള്‍ ചുരുങ്ങിയ കാലംകൊണ്ട് ലോകശ്രദ്ധനേടി. തികച്ചും അപ്രതീക്ഷിതമായാണ് ഈ കവിക്ക് സൂര്യന് ഹരമായത്. ഒരു പതിറ്റാണ്ടിലേറെയായി സൂര്യനെക്കുറിച്ച് കവിത എഴുതാന്‍ തുടങ്ങിയിട്ട്. 3500 ലേറെ കവിതകള്‍ ഇതുവരെ പൂര്‍ത്തിയാക്കി. ഭാവാത്മകമായ അക്ഷരസൗന്ദര്യവും വിശാലമായ ചിന്താവൈഭവവും സൂര്യകവിയുടെ രചനകളെ വ്യത്യസ്ഥമാക്കുന്നു. തനത് മലയാള കവിത രചനാശൈലിയും വൃത്തനിബന്ധതയും ആലാപന ഭംഗിയുമുള്ള 20 വരി കവിതകളെ വായനക്കാരിലേക്ക് ഏറെ അടുപ്പിച്ചു.
സൂര്യനുമുമ്പേ ഉണര്‍ന്നാണ് ഡോ.ജയദേവന് കവിതകളെഴുതുന്നത്. പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റാല്‍ സൂര്യനെ നമസ്കരിച്ച് പേനയെടുക്കും. ഇത് എഴുത്ത് തുടങ്ങിയ കാലം മുതല്‍ പതിവാണ്. ചെറുപ്പം മുതല്‍ രാമായണത്തോട് ഉണ്ടായ താല്പര്യമാണ് അക്ഷര ലോകത്തേക്ക് ഈ കവിയെ പിച്ചവെച്ച് നടത്തിയത്. അതിനാല്‍ സാക്ഷാല്‍ വാല്മീകിയെ തന്നെ മാനസഗുരുവാക്കി. എന്നും പുലര്‍ച്ചെ ശുദ്ധമായി രാമായണം വായിച്ചതിന് ശേഷമാണ് എഴുതാന്‍ തുടങ്ങുക. എഴുത്തിന് ശേഷം കവിത സൂര്യഭഗവാനെ ചൊല്ലിക്കേള്‍പ്പിക്കും. എന്നിട്ട് നവമാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്നതിലൂടെയാണ് സൂര്യകവിയ ശ്രദ്ധേയനാക്കിയത്. കോവിഡ് കാലത്ത് നിരവധിയാളുകള്‍ക്ക് ആശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രകാശമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകള്‍.
സൂര്യ കവിതകള്‍..മറുനാട്ടിലും ഹിറ്റ്
ലോകരാഷ്ട്രങ്ങളുടെ സാഹിത്യലോകത്തും സൂര്യകവിയുടെ രചനകള്‍ ഹിറ്റാണ്. ലോകത്തെ ആദ്യ ഡിജിറ്റില്‍ യൂണിവേഴ്സിറ്റിയുടെ വേള്‍ഡ് ബുക്കില്‍ ഈ കവി ഇടം പിടിച്ചിട്ടുണ്ട്. സൂര്യകവിതകള്‍ ലോക നിലവാരത്തിലേക്ക് മാറുന്നതിനുവേണ്ടി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 2021-ലാണ് സുര്യകവിതകള്ക്ക് ലോകറെക്കോര്‍ഡും ഓണററി ഡോക്ടറേറ്റും ലഭിച്ചത്. 2022-ല്‍ 1001 സൂര്യകവിതകളുടെ സമാഹാരം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തു. ഒരു വിഷയത്തെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ വലിയ കവിതാസമാഹാരമായി ഈ പുസ്തകം കണക്കാക്കപ്പെടുന്നു. 450 കോടിയിലധികം വര്‍ഷങ്ങളായി കത്തിജ്ജ്വലിക്കുന്ന സൂര്യനെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ വലിയ കവിതാസമാഹാരം എന്ന പ്രാധാന്യവും ഈ പുസ്തകത്തിനുണ്ട്. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം അംഗീകരിച്ച ലോക റെക്കോര്‍ഡ് ഏറെ ശ്രദ്ധേയനാക്കി. ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി സൂര്യകവിയെ ഡോക്ടറേറ്റ് നല്കി ആദരിച്ചു.
പണിപ്പുരയില്‍ സൂര്യഗ്രന്ഥം
സൂര്യദേവന്റെ വേദസാരം പ്രതിപാദിക്കുന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് സൂര്യകവി. ആദിത്യ വ്രതനിഷ്ടയോടെ ഒന്‍പത് അദ്ധ്യായത്തില്‍ പാരായണം ചെയ്യാന്‍ പര്യാപ്തമാകുന്ന തരത്തില്‍ നവാഹ പാരായണ ഗ്രന്ഥമായി സൂര്യകവിതകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പണിപ്പുരയിലാണ് സൂര്യകവി. പ്രപഞ്ച സത്യത്തിന്റെ അനന്തമായ വൈഭവം ലോകത്തിന് പകരുകയാണ് ലക്ഷ്യം. ഒരുപതിറ്റാണ്ടിലേറെ കാലത്തെ ഗവേഷണ സമാനമായ അന്വേഷണങ്ങളുടെ പരിശ്രമമാണ് ഈ ഗ്രന്ഥരചന. അറബിനാടിന്റെ കൊടുംചൂടില്‍ നിന്നാണ് സുര്യകവി കാവ്യലോകത്തേക്ക് കടക്കുന്നത്.
ഇടത് വിപ്ലവം നാട്ടില്‍ കൊണ്ടു നടന്നതിന് ശേഷം ജീവിത പ്രാരാബ്ധം പേറിയാണ് ദുബായില്‍ എത്തുന്നത്. സുഹൃത്ത് ജോസാണ് എഴുത്തിന്റെ വഴികളിലേക്ക് എത്താന്‍ കാരണമായത്. അന്ന് അറബിക്കഥ സിനിമയിലെ ക്യൂബാ മുകുന്ദനുമായുള്ള ജീവിത സാദൃശ്യം ഇദ്ദേഹമാണ് ശ്രദ്ധയില്‍ പെടുത്തിയത്. അങ്ങനെ അതിന്റെ തിരക്കഥാകൃത്തിനെ കാണാനുള്ള മോഹമായി. പിന്നെ താമസിച്ചില്ല, അറബിക്കഥയുടെ തിരക്കഥാകൃത്ത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറവുമായി പരിചയപ്പെട്ടു. ആ പരിചയപ്പെടലാണ് എഴുത്തിലേക്ക് നയിച്ചത്.
അംഗീകാരങ്ങള്‍ നിരവധി
ദുബായില്‍ സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ ജയദേവന് തിരികെയെത്തി. അപ്പോഴും എഴുത്ത് തുടര്‍ന്നു. നിരവധി അവാര്‍ഡുകള്‍ ഈ കവിക്ക് ലഭിച്ചിട്ടുണ്ട്. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം വേള്‍ഡ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, രാജീവ് ഗാന്ധി നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്, ഭാഷയിലെ മികവിനുള്ള ഭാരതീയ ഹിന്ദു വിദ്യാമന്ദിര്‍ ദേശീയ അവാര്‍ഡ്, ഭാരത് സേവക് സമാജ് ദേശീയ അവാര്‍ഡ്, ഇന്ത്യ പ്രൗഡ് അവാര്‍ഡ്, അഖില ഭാരതീയ വിശ്വകര്‍മ്മ മഹാസഭ പുരസ്കാരം, വെന്മണി ഗ്രാമപഞ്ചായത്ത് പുരസ്കാരം, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പുരസ്കാരം, ഡോ. ബി.ആര്. അംബേദ്കര്‍ രത്ന ദേശീയ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഫെലോഷിപ്പ്, കോഹിനൂര്‍ ഓഫ് ദി ഇന്ത്യ അവാര്‍ഡ്, ഹ്യൂമന്‍ റൈറ്റ്സ് നൊബേല്‍ അവാര്‍ഡ്, രാഷ്ട്രീയ സാഹിത്യ ശിരോമണി സമ്മാന്‍, ഡോ.എപിജെ അബ്ദുള്‍ കലാം സേവാ സമ്മാന്‍, മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ അവാര്‍ഡ്, സാംസ്കാരിക വകുപ്പ് പ്രതിഭാ പുരസ്കാരം, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ആദരവ്, രാഷ്ട്രീയ പ്രതിഷ്ഠാ പുരസ്കാരം, നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് മഹാകവി പി.കുഞ്ഞിരാമന് നായര്‍ അവാര്‍ഡ്, കവിതാ സാഹിത്യ കലാവേദി എഴുത്തച്ഛന് പുരസ്കാരം, കവിത സാഹിത്യ കലാവേദി വാല്മീകി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ വെച്ച് പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി രാജമുദ്ര നല്‍കിയും സൂര്യകവിയെ ആദരിച്ചിട്ടുണ്ട്. പ്രഥമ സ്കാര്‍വണ്‍ മീഡിയ പുരസ്കാരവും ക്യാഷ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്ട്സ് സൊസൈറ്റി നാഷണല്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു. യൂറോപ്യന്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്കു വേണ്ടി എഴുതിയ മിഷന് സോംഗ് ലോകത്തിലെ നൂറുഭാഷയില് പുറത്തിറങ്ങുന്നുണ്ട്. ഇതിന്റെ ലോഞ്ചിംഗ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കും. എത്ര വര്‍ണ്ണിച്ചെഴുതിയാലും തീര്‍ക്കാന്‍ കഴിയാത്തവിധം അത്ഭുതപ്രതിഭാസമായ സൂര്യദേവനെക്കുറിച്ച് കവിതയെഴുതി ലോകത്തിനു സമര്‍പ്പിക്കുകയാണ് സൂര്യകവി ഡോ: ജയദേവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: