കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരില്‍ വഴിതടഞ്ഞ് സ്റ്റേജ് കെട്ടി സിപിഎം സമ്മേളനം നടത്തിയ സംഭവത്തില്‍ പോലീസിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട കേസല്ല ഇതെന്നും റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടുന്നത് തടയാമായിരുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു. സ്റ്റേജില്‍ ഇരുന്നവര്‍ക്കെതിരേ എന്തുകൊണ്ട് നടപടി ഉണ്ടായില്ലെന്നും കോടതി ചോദിച്ചു.
സമരത്തിന്റെ കൺ വീനറോട് ഇക്കാര്യം അ റിയിച്ചെങ്കിലും അവർ അനുസരിച്ചില്ലെന്നായിരുന്നു പോലീസിന്റെ മറുപടി. പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് നിയമലംഘനം കണ്ടിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ലെന്ന് കോടതി പറഞ്ഞു. വഞ്ചിയൂർ എസ് എച്ച് ഒ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി. സ്‌റ്റേജ് പൊളിച്ചാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. നടപടിയെക്കുറിച്ച് ഡിജിപി വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
‘റോഡ് തടഞ്ഞ് വേദിയൊരുക്കാന്‍ ആരാണ് അനുമതി നല്‍കുന്നത്? റോഡ് തടഞ്ഞ് സ്‌റ്റേജ് കെട്ടിയത് ഡിജിപി അറിഞ്ഞിരുന്നോ? പോലീസ് സ്‌റ്റേഷന് മുന്നില്‍ പന്തലിട്ട് എന്തു ചെയ്തു? സ്റ്റേജില്‍ ഇരുന്നവര്‍ക്കെതിരേ കേസെടുക്കാത്തത് എന്തുകൊണ്ട്? യോഗത്തില്‍ പങ്കെടുത്തവരുടെ വാഹനങ്ങള്‍ എന്തുകൊണ്ട് പിടിച്ചെടുത്തില്ല? സെക്രട്ടറിയേറ്റിന് മുന്നില്‍ എന്താണ് നടന്നത്? വേദി പൊളിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് പൊളിച്ചില്ല? സമ്മേളനത്തില്‍ പങ്കെടുത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാത്തത് എന്തുകൊണ്ട്? പോലീസിന്റെ ചുമതല എന്ത്? വേദിയിലുണ്ടായിരുന്നവരെ കണ്ടെത്തിയോ?’ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
ജനറല്‍ ആശുപത്രിയിലേക്ക് അടക്കമുള്ളതാണ് ഈ വഴിയെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. സ്‌റ്റേജില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തുക, അവര്‍ക്കെതിരേ എന്ത് നടപടി എടുത്തുവെന്ന് ഡിജിപി അറിയിക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സ്‌റ്റേജിലുണ്ടായിരുന്നവരെ പ്രതിചേര്‍ത്ത് പോലീസിന് അടിയന്തരമായി കേസ് എടുക്കേണ്ടി വരും.
വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് സി.പി.എം പാളയം ഏരിയ സമ്മേളനം നടത്തിയത്. വഴി തടഞ്ഞ് കെട്ടിയ പന്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് എം.വി ഗോവിന്ദനായിരുന്നു. തുടര്‍ന്ന് കെ.പി.എ.സി.യുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകവും സമ്മേളനവേദിയില്‍ അരങ്ങേറിയിരുന്നു.
സംഭവത്തില്‍ വഞ്ചിയൂര്‍ ഏരിയാകമ്മിറ്റിക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: