ഢാക്ക: ബംഗ്ലാദേശില്‍ ഇസ്‌കോണിനെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി ഢാക്ക ഹൈക്കോടതി. ഇക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുള്ള വിശദമായ നിയമ നടപടികള്‍ അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ നിരോധന ഉത്തരവു നല്കാനാകില്ലെന്നും കോടതി പറഞ്ഞു.
മതമൗലികവാദ സംഘടനയെന്ന് ആരോപിച്ചാണ് ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇസ്‌കോണ്‍ രാജ്യസുരക്ഷയ്‌ക്കു ഭീഷണിയാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു. എന്നാല്‍ കോടതി ആവശ്യം നിരസിച്ചു. ഇതു സര്‍ക്കാര്‍ ഒത്താശയോടെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഏകപക്ഷീയ നീക്കങ്ങള്‍ക്കു ശക്തമായ തിരിച്ചടിയായി.
ജനങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഢാക്ക ഹൈക്കോടതി. ഇസ്‌കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയാണ് നിര്‍ദേശം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും ക്രമസമാധാനം ഉറപ്പാക്കുന്നതിലും ബംഗ്ലാദേശ് സര്‍ക്കാര്‍ പുലര്‍ത്തേണ്ട ജാഗ്രത വാദത്തിലുടനീളം കോടതി ഊന്നിപ്പറഞ്ഞു. ഇസ്‌കോണുമായി ബന്ധപ്പെട്ട പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ അനീക് ആര്‍. ഹഖ്, ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ മൊഹമ്മദ് അസാദ് ഉദ്ദിന്‍ എന്നിവര്‍ കോടതിയില്‍ ബോധിപ്പിച്ചു.
അഭിഭാഷകനായ സെയ്ഫുള്‍ ഇസ്ലാം ആലിഫിന്റെ മരണം, ഇസ്‌കോണിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 33 ഓളം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ കോടതിയെ അറിയിച്ചു. ഇസ്‌കോണ്‍ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും മതമൗലിക സംഘടനയാണെന്നും സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയാണെന്നും ആരോപിച്ച് ഢാക്ക ട്രിബ്യൂണ്‍ നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബംഗ്ലാദേശില്‍ ഇസ്‌കോണിനെ നിരോധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ബംഗ്ലാദേശിലെ സുപ്രീംകോടതി അഭിഭാഷകന്‍ മുഹമ്മദ് മൊനീര്‍ ഉദ്ദീനാണ് ഇസ്‌കോണിന്റെ നിരോധനമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക