ഡ്യൂപ്പില്ലാതെ കാറോടിച്ച് അതിസാഹസികമായ ആക്ഷൻ സ്വീക്വൻസ് ചെയ്യുന്ന തമിഴകത്തിന്റെ പ്രിയനടൻ തല അജിത്തിന്റെ സ്റ്റണ്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അജിത് കുമാർ നായകനായ ‘വിടാമുയർച്ചി’ എന്ന ചിത്രത്തിലെ ആക്സിഡന്റ് സീനിന്റെ മൂന്ന് ഞെട്ടിപ്പിക്കുന്ന വിഷ്വലുകളാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരിക്കുന്നത്.
അജിത് അതിവേഗത്തിൽ ഓടിക്കുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്നൊരു സീനാണിത്. ഓടുന്ന കാർ പൊടുന്നനെ രണ്ട് വശത്തേക്കും വെട്ടിത്തിരിക്കുന്നതും പിന്നാലെ റോഡിന് സമീപത്തേക്ക് തലകീഴായി മറിയുന്നതും കാണാം. അജിത്തിന് പുറമെ മറ്റൊരു താരം കൂടി ഈ സീനിലുണ്ട്.
ഓടിയെത്തുന്ന സ്റ്റണ്ട് അസിസ്റ്റന്റുമാർ ചേർന്ന് മറിഞ്ഞ കാറിൽ നിന്ന് താരത്തെ പുറത്തെത്തിക്കുന്നതും കാണാം. അജിത്തിന് പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ് സൂചന. “അജിത്ത് കുമാറിന്റെ ധീരതയ്ക്ക് അതിരുകളില്ല, പേടിപ്പെടുത്തൊരു സ്റ്റണ്ട് സീക്വൻസിനായി ഡ്യൂപ്പില്ലാതെ അഭിനയിച്ച് അജിത് കാണിക്കുന്ന ധീരതയുള്ള ഡെഡിക്കേഷൻ കാണൂ,” എന്നാണ് നിർമ്മാണ കമ്പനി അഭിനന്ദിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് ചിത്രത്തിന്റെ ദൈര്‍ഘ്യമേറിയ ഷെഡ്യൂള്‍ തീര്‍ത്തിരുന്നു. അപ്പോൾ നടന്ന അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപകടം നടക്കുമ്പോൾ അജിത്തും നടന് ആരവും കാറിലുണ്ടായിരുന്നു. ഇരുവർക്കും നിസാര പരുക്കുമേറ്റു.
#Vidaamuyarchi accident footage looks shocking 😱😱😱
Extraordinary effort #ThalaAjith
A #Magizhthirumeni film pic.twitter.com/778aXZg63x— Vasu Cinemas (@vasutheatre) April 4, 2024
സിനിമയുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറാണ് ‘വിടാമുയർച്ചി’. ചിത്രത്തിൽ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ സർജ, ആരവ്, റെജീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: