തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് അഴിമതി സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോണ്‍ സംസ്ഥാന കമ്മിറ്റിയില്‍ പലവട്ടം ഉന്നയിച്ചിട്ടും തട്ടിപ്പ് സംഘത്തിന് തുണയായത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന ശക്തമായ സ്വാധീനം. ഇതാണ് നടപടി ഉണ്ടാകാതിരിക്കാന്‍ കാരണം. എ.സി. മൊയ്തീന് പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി. കെ. ചന്ദ്രനാണ് ബാങ്കിന്റെ കാര്യത്തില്‍ നേരിട്ട് ഇടപെട്ടിരുന്നത്. മറ്റു പല നേതാക്കളും ഇവര്‍ മുഖേന അണിയറയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചു. ഇപ്പോള്‍ ഇ ഡിയുടെ കസ്റ്റഡിയിലുള്ള മുഖ്യപ്രതി സതീഷ്കുമാറിന്റെ കൈയില്‍ എത്തിയ 25 കോടിയോളം രൂപ വന്‍ പലിശയ്ക്ക് നാട്ടുകാര്‍ക്കിടയില്‍ കടം കൊടുത്തിരിക്കുകയാണ്.
പലരുടെയും വീടും ഭൂമിയും ഈ സംഘം തട്ടിയെടുത്തിട്ടുണ്ട്. പോലീസില്‍ പരാതിപ്പെട്ടാല്‍ പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് ഒതുക്കും. സിപിഎം നേതാക്കളുടെ ഇടപെടല്‍ വാക്കാല്‍ മാത്രമായതിനാല്‍ രേഖാമൂലമുള്ള തെളിവുകള്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഇ ഡിയെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്നം. മൊയ്തീന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. എന്നാല്‍ ഇത് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കുറവാണ്.
ബാങ്ക് രേഖകളില്‍ ഒപ്പുവച്ചിട്ടുള്ളത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും സെക്രട്ടറിയുമാണ്. പണം കൈമാറിയത് സംബന്ധിച്ച തെളിവുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, സാക്ഷി മൊഴികള്‍ എന്നിവയാണ് ഇപ്പോള്‍ ഇ ഡിക്ക് മുന്നിലുള്ളത്. എ.സി മൊയ്തീന് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഈ മാസം 11 നാണ് മൊയ്തീനോ
ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതിനിടെ ഇപ്പോള്‍ അറസ്റ്റിലായ പി. സതീഷ്കുമാര്‍, പി.പി. കിരണ്‍ എന്നിവരുടെ പേരില്‍ നടന്നിട്ടുള്ള ഭൂമി ഇടപാടുകള്‍ ഇഡി മരവിപ്പിച്ചു. ഏകദേശം 55 കോടി രൂപയുടെ ഭൂമിയിടപാടുകളാണ് മരവിപ്പിച്ചിട്ടുള്ളത്. ഇത് ബിനാമി ഇടപാട് ആണെന്നും യഥാര്‍ത്ഥ അവകാശികള്‍ ചില സിപിഎം നേതാക്കള്‍ ആണെന്നും വ്യക്തമായിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇതേക്കുറിച്ചും കൂടുതല്‍ അന്വേഷണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: