കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിക്ക് കീഴില്‍ ജോടിയാക്കിയ സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്നെത്തിയ 50 അംഗ വിദ്യാര്‍ത്ഥി സംഘം അഞ്ച് ദിവസത്തെ കൊച്ചി സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാക്കി.
സംഘം നാളെ ഹിമാചലിലേക്ക് മടങ്ങും .ഷിംലയിലെയും ഉനയിലെയും പരിസരങ്ങളിലുള്ള സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 11, 12 ക്ലാസുകളിലെ 25 വിദ്യാര്‍ത്ഥികളും ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള 25 ബി.ടെക് വിദ്യാര്‍ത്ഥികളും നാല് അധ്യാപകരും ആണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സമാപനദിവസമായ ഇന്ന്, ആതിഥേയരായ കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സന്ദര്‍ശകര്‍ക്കായി കളരിപ്പയറ്റ് അവതരിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഘം തൃപ്പൂണിത്തുറയിലെ ഹില്‍ പാലസ് മ്യൂസിയം ചാലക്കുടിയിലെ രാസ ഗുരുകുലം, ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ട്, മട്ടാഞ്ചേരി ജൂത തെരുവ്, ചേന്ദമംഗലൂര്‍ നെയ്തു സഹകരണ സംഘം എന്നിവ സന്ദര്‍ശിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ സമഗ്ര ശിക്ഷാ കേരള ഒരുക്കിയ രണ്ടു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സമാഗമത്തില്‍ പങ്കെടുത്ത സംഘം കളമശേരിയിലെ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു.
















