സാരീഷ് ഇളമണ്ണൂര്‍
കലഞ്ഞൂര്‍: മിക്കിയുടെ പുറത്താണ് മനുവിന്റെ യാത്ര. തൊഴിലുറപ്പുകാരുടെ മുന്നില്‍, വാര്‍ഡിലെ ഓരോ വീട്ടിലും ക്ഷേമം അന്വേഷിച്ച് കുതിരപ്പുറമേറി കലഞ്ഞൂരുകാരുടെ മെമ്പര്‍ മനു എത്തും. യാത്രയ്ക്ക് കാറില്ല. കിട്ടുന്നത് പോരാ… ജനങ്ങള്‍ ജയിപ്പിച്ചുവിട്ടാലും ജനസേവനത്തിനിറങ്ങുന്നവര്ക്ക് നൂറുകൂട്ടം പരാതികളുള്ള കാലത്താണ് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡംഗം മനു വ്യത്യസ്തനാകുന്നത്.
വാര്‍ഡ് മെമ്പറെന്ന നിലയില്‍ മാസം തോറും കിട്ടുന്ന ഓണറേറിയം പൂര്‍ണമായും വാര്‍ഡിലെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ക്കായി ചെലവാക്കുന്നു. കൊവിഡ് കാലത്ത് ഈ പണം കൊണ്ട് ഭക്ഷ്യക്കിറ്റ് വാങ്ങി നല്കി. അടുത്ത രണ്ടു മാസത്തെ പണം, സേവാഭാരതി പോത്തുപാറയില്‍ നിര്‍മിക്കുന്ന വീടിന് നല്‍കും. വീട്ടിലോ കവലയിലോ മെമ്പറെ കണ്ടില്ലെങ്കില്‍ നാട്ടുകാര്‍ പറയും, ‘താഴെയില്ലെങ്കില്‍ പോസ്റ്റിന് മുകളില്‍ കാണും. അവിടെ ബള്‍ബ് മാറിയിടുകയാകും.’ പത്തനംതിട്ട നഗരസഭയിലെ വാര്‍ഡുകളില്‍ വര്‍ഷങ്ങളായി തെരുവുവിളക്കുകള്‍ നന്നാക്കുന്ന ജോലിയും കരാര്‍ അടിസ്ഥാനത്തില്‍ മനു ചെയ്യുന്നുണ്ട്.
കുളത്തുമണ്‍ അരുണ്വിലാസത്തില് എം. മനു കുട്ടിക്കാലം മുതല്‍ പൊതുപ്രവര്‍ത്തനവും സേവനവും തുടങ്ങിയതാണ് അതിനിടയില്‍. ജീവിത മാര്‍ഗ്ഗമായി പന്തല്‍ നിര്‍മാണവും ആരംഭിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിട്ടാണ് മുപ്പത്തൊന്നുകാരനായ മനു മത്സരിച്ചത്. ജനങ്ങള്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.കല്യാണങ്ങളുടെ ആവശ്യത്തിനായാണ് മിക്കി എന്ന കുതിരയെ മനു വാങ്ങിയത്. പിന്നീട് മെമ്പറുടെ യാത്രയും കുതിരപ്പുറത്തായി. അമ്മ രാധാമണിക്കും അനിയന് അഖിലിനുമൊപ്പമാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: