വെല്ലിങ്ടണ്‍: വനിതാ ക്രിക്കറ്റിലെ അധീശത്വം ഓസ്ട്രേലിയ ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചു. ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ഒമ്പതാം തവണ അവര്‍ മുന്നേറി. സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ 157 റണ്‍സിന് തകര്‍ത്തു. സ്കോര്‍: ഓസ്ട്രേലിയ – 305/3 (45), വെസ്റ്റിന്‍ഡീസ് – 148 (37/45).
നേരത്തെ എട്ടു തവണ ഫൈനലില്‍ കടന്ന ഓസ്ട്രേലിയ ആറ് വട്ടം ചാമ്പ്യന്മാരായി. ഏഴാം കിരീടമാണ് ഇത്തവണ ലക്ഷ്യം. ഇതുവരെ പൂര്‍ത്തിയായ 11 ചാമ്പ്യന്‍ഷിപ്പുകളില്‍ രണ്ട് തവണ മാത്രമേ ഓസീസ് ഫൈനലിലെത്താതിരുന്നിട്ടുള്ളു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരവിജയികളെ ഓസീസ് ഫൈനലില്‍ നേരിടും. ദക്ഷിണാഫ്രിക്ക ആദ്യ ഫൈനലാണ് ലക്ഷ്യമിടുന്നത്.
ഇന്നലെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും ഓപ്പണര്‍മാരായ അലിസ ഹീലി (129), റേച്ചല്‍ ഹെയ്ന്‍സ് (85) എന്നിവരുടെ മികവില്‍ ഓസീസ് വലിയ ലക്ഷ്യം പടുത്തുയര്‍ത്തി. ബെത്ത് മൂണി (43 നോട്ടൗട്ട്), മെഗ് ലാനിങ് (26 നോട്ടൗട്ട്) എന്നിവരും സംഭാവന നല്കി. വിന്‍ഡീസിനായി ചിനെലെ ഹെന്റിക്ക് രണ്ട് വിക്കറ്റ്.
മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് ഓസീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. സ്റ്റെഫാനി ടെയ്ലര് (48) ടോപ് സ്കോറര്‍. ദിയേന്ദ്ര ഡോട്ടിന് (34), ഹെയ്ലി മാത്യൂസ് (34) എന്നിവരും രണ്ടക്കം കണ്ടു. ഓസീസിനായി ജെസ് ജൊനാസെന്‍ രണ്ടും, മെഗാന് ഷട്ട്, അനാബെല്‍ സതര്‍ലാന്‍ഡ്, താഹില മക്ഗ്രാത്ത്, അലന കിങ്, അഷ്ലെയ്ഗ് ഗാര്‍ഡനര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. അലിസ ഹീലിയാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: