കാട്ടാക്കട: അച്ഛനും അമ്മയും മരിച്ചു പോയ പെണ്‍കുട്ടിക്ക് ഒരു ജീവിതത്തിനായി നാടൊന്നാകെ കൈകോര്‍ത്തു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ആശ്രയമില്ലാത്ത പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ചു മകളായി കണ്ട് പുതു ജീവിതത്തിലേക്ക് കൈപിടിച്ചേല്‍പ്പിച്ചു.
കാട്ടാക്കട ഉറിയാക്കോട് ഗോവിന്ദം താന്നിമൂടില്‍ പരേതരായ കെ.ജി. സന്തോഷ്-സോന വിജയന്‍ ദമ്പതികളുടെ മകള്‍ ശിഖ എസ്. സന്തോഷിനാണ് ഒരുനാടൊന്നാകെ കൈകോര്‍ത്തത്. രണ്ടുവര്‍ഷം മുമ്പ് കാണാതായ ശിഖയുടെ അച്ചനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനുശേഷം വളരെ കഷ്ടപ്പെട്ട് മകളെ സംരക്ഷിച്ചു അവളെ വിവാഹം കഴിച്ചു നല്‍കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ അസുഖ ബാധിതയായ അമ്മയും രണ്ട് മാസം മുന്‍പ് മരണമടഞ്ഞു. എന്നാല്‍ ശിഖയെ നാടൊന്നാകെ മകളായി കണ്ട് ചേര്‍ത്തുപിടിക്കുകയായിരുന്നു.
മംഗലപുരം ബുദ്ധഭൂമി ഹൗസ് നമ്പര്‍ 91, ആകാശ് ഭവനില്‍ എസ്.ആര്‍ സുനില്‍ രാജ്-റീനാ മോള്‍ റ്റി.റ്റി ദമ്പതികളുടെ മകന്‍ ആകാശ് ഇന്നലെ നാട്ടുകാരെയും ബന്ധുക്കളെയും സാക്ഷിയാക്കി കൊണ്ണിയൂര്‍ ഭദ്രകാളി ദേവിക്ഷേത്ര സന്നിധിയില്‍ വച്ച് ശിഖയ്‌ക്ക് മിന്നുകെട്ടി. എംഎല്‍എമാരായ എം.ആര്‍. ബൈജു, വി. മുരളീധരന്‍, ജി.സ്റ്റീഫന്‍, ബിജെപി നേതാവും നടനുമായ വിവേക് ഗോപന്‍ തുടങ്ങി രാഷ്‌ട്രീയ നേതാക്കളും മറ്റ് സാമുദായിക സംഘടന നേതാക്കളും ഉള്‍പ്പെടെ വധൂവരന്മാരെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. ഒരു മകള്‍ക്ക് കൂട്ടായി മകളായി കണ്ട് അവള്‍ക്കൊരു ജീവിതം സമ്മാനിക്കാന്‍ ഒരു നാട് ഒന്നിച്ച് ചേര്‍ന്ന് സഹായവുമായി എത്തുമ്പോള്‍ ഈ നാട് ലോകമൊട്ടുക്കും മാതൃകയാണ് എന്ന് എംആര്‍ ബൈജു, വി. മുരളീധരന്‍ എന്നിവര്‍ പറഞ്ഞു.
പൊന്നും പുടവയും സദ്യയും എന്നുവേണ്ട നവദമ്പതികള്‍ക്ക് സഞ്ചരിക്കാന്‍ സ്‌കൂട്ടറും തുടങ്ങി ഒരു മകള്‍ക്ക് വേണ്ടതെല്ലാം നാട്ടുകാര്‍ തയ്യാറാക്കി. വാര്‍ഡ് അംഗം ആര്‍.എസ് ലാലുവിന്റെ നേതൃത്വത്തില്‍ അച്ഛന്റെ സ്ഥാനത്ത് നിന്നും രവിയും, കൊണ്ണിയൂര്‍ ഭദ്രകാളി ദേവീക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് ശിഖയെ സുമംഗലിയാക്കി. മൂന്ന് ആണ്‍മക്കള്‍ ഉള്ള തനിക്ക് ശിഖ പൊന്നുമോളാണ് എന്നും കഴിഞ്ഞ ജന്മത്തില്‍ ശിഖ തന്റെ മോളായിരുന്നിരിക്കാം എന്നും ഇത്തവണയും അവളെ കൈപിടിച്ചു ജീവിതത്തിലേക്ക് കയറ്റാന്‍ തനിക്ക് ആയതെന്നും സന്തോഷ കണ്ണുനീരോടെ നാട്ടുകാരനും പ്രവാസിയുമായിരുന്ന രവി പറഞ്ഞു.
















