കൊട്ടാരക്കര: ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതത്തെ ദുരിതത്തിലാക്കി. അതേസമയം പണിമുടക്കിനെ തുടര്‍ന്ന് കമ്പോളത്തിലെ ഹോട്ടലുകള്‍ അടപ്പിച്ച സമരാനുകൂലികള്‍ക്കു മൃഷ്ടാന്നം. കൊട്ടാരക്കര കമ്പോളത്തിലെ ഹോട്ടലുകള്‍ അടപ്പിച്ചതോടെ വിവിധ സ്ഥാപനങ്ങളില്‍ താമസിച്ചു ജോലി നോക്കുന്നവര്‍, ഇതര സംസ്ഥാനതൊഴിലാളികള്‍, ആശുപത്രിയില്‍ എത്തുന്നവര്‍ എല്ലാം ഭക്ഷണമോ വെള്ളമോ കിട്ടാതെ കഷ്ടപ്പെട്ടു. ഇതേസമയം ചന്തമുക്കിലെ സമരപന്തലില്‍ കുടംപുളിയിട്ട മീന്‍കറി ഉള്‍പ്പടെയുള്ള കറികളും കൂട്ടി ഉച്ചയൂണ് ആസ്വദിച്ചു കഴിക്കുകയായിരുന്നു പണിമുടക്ക് അനുകൂലികള്‍.
പണിമുടക്ക് വ്യാപാരികളെ അക്ഷരാര്‍ഥത്തില്‍ ബുദ്ധിമുട്ടിച്ചു. കൊവിഡും സാമ്പത്തികപ്രതിസന്ധിയും കാരണം വലയുന്ന വ്യാപാരികളെ വീണ്ടും കഷ്ടത്തിലാക്കുന്നതായിരുന്നു പണിമുടക്ക്. കടകള്‍ തുറക്കാന്‍ ചില വ്യാപാരികള്‍ ശ്രമിച്ചെങ്കിലും ഇടതുവലതുയൂണിയനുകളില്‍പെട്ടവര്‍ ഭീഷണി മുഴക്കി അടപ്പിച്ചു. സ്വകാര്യവാഹനങ്ങളെ വിലക്കില്ലെന്ന് നേരത്തെ പറഞ്ഞെങ്കിലും നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളെ തടഞ്ഞുനിര്‍ത്തി തിരിച്ചുവിടാനും സമരക്കാര്‍ മടിച്ചില്ല. നിയന്ത്രണങ്ങളെല്ലാം സമരക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പോലീസ് മിക്ക സ്ഥലത്തും കാഴ്ചക്കാരായി മാറി.
പെട്രോള്‍പമ്പുകള്‍ തുറന്നെങ്കിലും രാവിലെ സിപിഎം പ്രവര്‍ത്തകര്‍ എത്തി അടപ്പിച്ചു. പെട്രോള്‍പമ്പുകള്‍ അടച്ചത് മൂലം സ്വകാര്യവാഹനങ്ങള്‍ പ്രയാസത്തിലായി. പാരിപ്പള്ളി എഴിപ്പുറത്ത് ഐഒസി പ്ലാന്റിന് സമീപമുള്ള പെട്രോള്‍പമ്പ് തുറന്ന് പ്രവര്‍ത്തിച്ചു. ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തിച്ചില്ല. കയര്‍-കശുവണ്ടി മേഖലയിലെ ഫാക്ടറികള്‍ അടഞ്ഞു കിടന്നപ്പോള്‍ കൈത്തറി മേഖലയില്‍ സഹകരണ സംഘങ്ങളില്‍ ഭരണസമിതി തന്നെ അവധി കൊടുക്കുകയായിരുന്നു.
കൈത്തറി മേഖലയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ കൊല്ലം സഹകരണ സ്പിന്നിംഗ് മില്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ജോലിക്കാര്‍ എത്തിയെങ്കിലും സമരാനുകൂലികള്‍ ജീവനക്കാരുടെ വാഹനം തടഞ്ഞു. ഇതുകാരണം സര്‍ക്കാര്‍ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനവും താളംതെറ്റി. സ്വകാര്യ ബാങ്ക് ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്തു. കെഎസ്ഇബിയില്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തതോടെ ഓഫീസുകള്‍ നിശ്ചലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: