ആലപ്പുഴ : കോവിഡ് വ്യാപനത്തിനിടെ തിരുവാതിരയും പാര്‍ട്ടി സമ്മേളനവും നടത്തുന്നതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ആലപ്പുഴയിലെ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ മാറ്റി. ജനുവരി 28, 29, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് മാറ്റിവെച്ചത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാലാണ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍ അറിയിച്ചു.
സാഹചര്യം അനുകൂലമാകുമ്പോള്‍ സമ്മേളനം നടത്തും. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും നാസര്‍ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയും പദയാത്രയുമെല്ലാം നേരത്തെ ഒഴിവാക്കിയിരുന്നു. അതിനുപിന്നാലെയാണ് ജില്ലാ സമ്മേളനവും മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴ ജില്ലാ സെക്രട്ടറി രാവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് സമ്മേളനം മാറ്റിവെയ്ക്കുന്നതായി അറിയിച്ചത്.
കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കേ ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജില്ലാ സമ്മേളനങ്ങള്‍ക്കിടെ മെഗാ തിരുവാതിരയും ഗാനമേളയും സംഘടിപ്പിച്ചതില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. അതിനു പിന്നാലെ ഹൈക്കോടതി വിധിയെ തുടര്‍ന്ന് സിപിഎം കാസര്‍കോട് ജില്ലാസമ്മേളനം ഒരുദിവസത്തില് ഒതുക്കേണ്ടി വരികയും ചെയ്തിരുന്നു.
കാസര്‍കോഡ് ജില്ലയില്‍ ആദ്യം പൊതുസമ്മേളനങ്ങള്‍ വിലക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടെങ്കിലും രണ്ടുമണിക്കൂറിനകം ഈ ഉത്തരവ് പിന്‍വലിച്ചിരുന്നു. സമ്മേളനം നടക്കുന്നതിനാലാണ് ഇതെന്ന് ആക്ഷേപമുയര്‍ന്നു. കളക്ടറുടെ ഈ ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയെത്തി. 50 ലധികം പേരെ പങ്കെടുപ്പിച്ചുള്ള സമ്മേളനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകം സിപിഎം ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: