തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും അപമാനിച്ച് പിണറായി സര്‍ക്കാറും കേരള സര്‍വകലാശാലയും. കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം കേരള സര്‍വകലാശാല നിരസിച്ചു. രാജ്യത്തിന്റെ പ്രഥമ പൗരന് ഡി ലിറ്റ് നല്കാന് സര്‍ക്കാരിനും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റിനും താത്പര്യമില്ലെന്നാണ് വൈസ് ചാന്‍സലര്‍ ഡോ.വി.പി.മഹാദേവന് പിള്ള രേഖാമൂലം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നല്കി. ഈ മറുപടിയില്‍ അപമാനിതനായാണ് ഗവര്‍ണര്‍ രാജ്യത്തിന്റെ അന്തസിനു ചേരാത്ത പലതും നടന്ന് എന്ന് തുറന്നടിച്ചത്. താന്‍ ചാന്‍സലര്‍ പദവി വഹിക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതം ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായെന്നു ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കേരള വിസിയെ വിളിച്ചു വരുത്തിയാണു രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചത്. ഇക്കാര്യം രേഖാമൂലം നല്‍കുകയും ചെയ്തു. മുന്‍പ് കെ.ആര്.നാരായണനു ഡി ലിറ്റ് അനുവദിച്ച കീഴ്വഴക്കമുണ്ട്. ഗവര്‍ണറുടെ നിര്‍ദേശം വൈസ് ചാന്‍സലര്‍, സിന്‍ഡിക്കറ്റ് അംഗങ്ങളെ അറിയിച്ചു. അവര്‍ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം തേടി. രാഷ്ട്രപതിക്കു ഡി ലിറ്റ് നല്കാന് താല്പര്യം ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണു വിസി ഗവര്‍ണറെ നേരില്‍ കണ്ട് രേഖാമൂലം വിവരം അറിയിച്ചത്.
അതേസമയം, സിന്‍ഡിക്കറ്റ് യോഗം ചേരാതെയാണു തീരുമാനം എടുത്തത്. സിന്‍ഡിക്കറ്റ് ചേര്‍ന്നാല്‍ അംഗങ്ങളായ 6 സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് അവിടെ സര്‍ക്കാരിന്റെ അഭിപ്രായം പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാന്‍ യോഗം തന്നെ വേണ്ടെന്നു വയ്ക്കുകയായിരുന്നു.
തന്നെ അവഹേളിച്ചതിനു മറുപടി എന്ന പോലെ എന്നപോലെ സംസ്കൃത സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്കു ഡി ലിറ്റ് നല്‍കാനുള്ള തീയതി ഗവര്‍ണറും മരവിപ്പിക്കുയായിരുന്നു. മുന്‍ വിസി ഡോ.എന്‍.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവര്‍ക്കു ഡി ലിറ്റ് നല്‍കാനാണു സംസ്കൃത സര്‍വകലാശാല തീരുമാനിച്ചത്. ഇതു സംബന്ധിച്ച സിന്‍ഡിക്കറ്റ് യോഗത്തിന്റെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്കാന് താത്പര്യമില്ലെന്ന് അറിയച്ചതോടെ കാലടി സര്‍വകലാശാല പരിപാടിയും ഗവര്‍ണര്‍ മരവിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: