പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ട് പാട്ടിന്റെ പട്ടുനൂലൂഞ്ഞാലു കെട്ടിയ മലയാളത്തിന്റെ ഗാനവസന്തം ഇതളടര്‍ന്ന് അദൃശ്യതയില്‍ വിലയംപ്രാപിച്ചു. ഇനിയുള്ളത് അലയൊടുങ്ങാത്ത രാഗസാഗരത്തിന്റെ സ്മൃതി തരംഗങ്ങള്‍ മാത്രം . നമ്മുടെയൊക്കെ ഒരായുസ്സു കൊണ്ട് കേട്ടു തീരാത്തത്ര പാട്ടുകള്‍ പാടിത്തീര്‍ത്താണ് ഭാരതത്തിന്റെ ഗാനകോകിലം പ്രത്യേകിച്ച് മലയാളത്തിന്റെ സ്വാന്തം ജാനകിയമ്മ എന്ന എസ്. ജാനകി വിടവാങ്ങിയത്.
വിവിധഭാഷകളിലായി 48000ത്തിലധികം പാട്ടുകളാണ് അവര്‍ പാടിയിട്ടുള്ളത്. 1957 ല്‍ പത്തൊന്‍പതാമത്തെ വയസ്സില്‍ ആരംഭിച്ച ആ ഗാനസപര്യ അറുപത്തിയൊന്‍പതു വര്‍ഷം അഭംഗുരമായി തുടര്‍ന്നു.
88 -ാമത്തെ വയസ്സില്‍ വിടവാങ്ങുമ്പോഴും ആ ശബ്ദമാധുരിക്ക് 18 ന്റെ പകിട്ട് !
മലയാളിയല്ലാഞ്ഞിട്ടും ആലാപന മികവുകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇത്രയധികം പ്രതിഷ്ഠ നേടിയ മറ്റൊരു ഗായികയില്ല. ഗാനരചയിതാവ് വരികളില്‍ ചമച്ചുവച്ച ആശയ പ്രപഞ്ചത്തെ ആസ്വാദക മനസ്സിലേക്ക് അതേപടി പകര്‍ന്നു വയ്‌ക്കാന്‍ എസ്. ജാനകിക്കുള്ള കഴിവ് പ്രശംസനീയമാണ്. നഷ്ടങ്ങളുടേയും ദുഃഖങ്ങളുടേയും ജീവിതസാഗരം താണ്ടുമ്പോഴും മന്ദസ്മിതം മായാത്ത ആ മുഖശ്രീയും മാധുര്യം കുറയാത്ത ആ സ്വരശ്രീയും നമ്മെ ഏറെ അത്ഭുതപ്പെടുത്തുന്നു. ഗായിക കെ. എസ്. ചിത്രയുടെ വാക്കുകള്‍ കടമെടുത്താല്‍ നാം ആരേപ്പോലെ ആയിത്തീരണമെന്ന് ആഗ്രഹിക്കുന്നുവോ ആ ഗായികമാര്‍ ആഗ്രഹിക്കുന്നത് ജാനകിയമ്മയാകണം എന്നാണ്.
തളിരിട്ട കിനാവുകളുടെ താമരമാല വാങ്ങാന്‍ വിളിച്ചിട്ടും വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരനെന്നു പരിഭവിക്കുമ്പോഴും സഹൃദയലോകത്തിന്റെ അറപ്പുരവാതിലില്‍ അഞ്ജനക്കണ്ണെഴുതി ആലിലത്താലിചാര്‍ത്തി കാത്തിരുന്നു ഈ ശബ്ദസൗകുമാര്യം. മുറിച്ചുവച്ച ഗാനകലയുടെ തൂശനിലയില്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി മലയാളിക്ക് ആശിച്ചതെല്ലാം നിരത്തിവച്ചാണ് ഈ മടക്കം. എത്ര തലമുറകളിലെ ബാലഗോപാലന്‍മാരെയാണ് ഈ പൈങ്കിളി പാട്ടുകൊണ്ട് എണ്ണതേപ്പിച്ചത്!
പാടിവരുന്ന നദിയുടെ കുളിരും പാരിജാതമലരിന്റെ മണവും തമ്മിലൊന്നായി കലര്‍ത്തി ജാനകിയമ്മ നല്‍കിയപ്പോഴാണ് അകലെ നീലാകാശത്തില്‍ അലതല്ലുന്ന മേഘതീര്‍ത്ഥവും അരികിലെ ഹൃദയാകാശത്തില്‍ അലതല്ലുന്ന രാഗതീര്‍ത്ഥവും നാം നുകര്‍ന്നത്. ശൈശവത്തിന്റെ നിഷ്‌കളങ്കത, ബാല്യത്തിന്റെ കുസൃതി, കൗമാരത്തിന്റെ കൗതുകം, യൗവനത്തിന്റെ പ്രണയാര്‍ദ്രത, മാതൃത്വത്തിന്റെ വാത്സല്യം, സന്തോഷം, ഭക്തി, വിഷാദം തുടങ്ങി എല്ലാ വികാരങ്ങളും ഭാവങ്ങളും ആ ശബ്ദത്തില്‍ അനായാസമായി പ്രതിഫലിച്ചു.
സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തതിനാല്‍ ഇതര ഗായകരേപ്പോലെ ഗാനങ്ങളെ സ്വരപ്പെടുത്തി വയ്‌ക്കാന്‍ അവര്‍ക്കറിയില്ലായിരുന്നു. എന്നാല്‍ സംഗീത സംവിധായകന്‍ പറഞ്ഞു കൊടുക്കുന്ന ഏതൊരു ഈണവും വളരെ വേഗത്തില്‍ പഠിച്ചെടുക്കുന്നതില്‍ ജാനകിയമ്മയ്‌ക്കുള്ള കഴിവ് അപാരമാണെന്ന് പ്രമുഖ ഗാനശില്പികളെല്ലാം ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ഈ കഴിവ് അവരെയെല്ലാം അത്രമാത്രം ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കലും മറക്കാനാവാത്ത എണ്ണമറ്റ ഗാനങ്ങള്‍ സമ്മാനിച്ച് മലയാളിയുടെ നാവില്‍തുമ്പില്‍ പാട്ടിന്റെ തേനും വയമ്പും തൂവിയ ആ വാനമ്പാടി ജീവിതത്തിന്റെ ചിറകൊതുക്കി കാലത്തിന്റെ കടമ്പുവൃക്ഷക്കൊമ്പില്‍ കൂടണഞ്ഞു. നിത്യ നിശബ്ദതയുടെ നീരാഴിപൂകിയ ആ നാദനിര്‍ത്സരിയുടെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുന്ന ലോകമെമ്പാടുമുള്ള ആരാധകര്‍ മാനത്തെ ശിങ്കാരത്തോപ്പിലെ ഞാലിപ്പൂവന്‍ പഴത്തോട്ടത്തില്‍ കാലത്തും വൈകീട്ടും പാട്ടിന്റെ പൂമ്പാളത്തേനുണ്ണാന്‍ നീ വിരില്ലേയെന്ന് മനസ്സുനൊന്തു വിതുമ്പുന്നു…..
സാക്ഷാല്‍ സംഗീതദേവതയെന്ന് പുകഴ്‌പെറ്റ് നിത്യസുന്ദര നിര്‍വ്വതിയായി ആത്മാവില്‍ നിലയുറപ്പിച്ച മലയാളത്തിന്റെ സ്വന്തം ഗാനകോകിലം എസ്. ജാനകി എന്ന ജാനകിയമ്മയ്‌ക്ക് ഹൃദയതമ്പുരു മീട്ടിയുള്ള ഗാനപ്രണാമം.
















