കൊച്ചി: സ്വതന്ത്ര സോഫ്ട് വെയര്‍ രംഗത്തെ ഇന്ത്യയിലെ സ്ഥാപകരില്‍ ഒരാളായ സി.വി.രാധാകൃഷ്ണനെ കേരള മീഡിയ അക്കാഡമി ആദരിച്ചു. മരണം ഉടനെന്ന് വൈദ്യശാസ്ത്രം മൂന്നര പതിറ്റാണ്ട് മുമ്പ് വിധിയെഴുതിയ സി.വി.ആര്‍. മലയാള ഭാഷക്കും ഭാഷാ കംപ്യൂട്ടിങ്ങിനും നല്‍കിവരുന്ന സംഭാവന മറക്കാനാവാത്തതാണെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. സി.വി.ആറിനെ പൊന്നാടയണിയിച്ച് മീഡിയ അക്കാഡമിയുടെ ഉപഹാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, മാധ്യമ പ്രവര്‍ത്തകരായ മനോജ് പുതിയവിള, കെ.മോഹനന്‍, ബി.ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്റ്റീഫന്‍ ഹോക്കിങ്ങിനെ ബാധിച്ച തരം മോട്ടോര്‍ ന്യൂറോണ്‍ രോഗവുമായി, പകുതി തളര്‍ന്ന ശരീരം കൊണ്ട് വീല്‍ചെയറിലിരുന്ന്, അദ്ദേഹം സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ അത്ഭുതകരമാണ്. തിരുവനന്തപുരം മലയിന്‍കീഴിലെ നാല് ഏക്കര്‍ സ്ഥലത്ത് നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന റിവര്‍ വാലി ടെക്‌നോളജിസ് എന്ന ഐ.ടി. സ്ഥാപനത്തെ നയിക്കുന്ന സി.വി.ആര്‍.ന്റെ പ്രവര്‍ത്തനങ്ങള്‍ അപൂര്‍വ മാതൃകയാണ്. ലോകോതരമായ നൂറില്‍ പരം ഗണിതസയന്‍സ് ജേണലുകളുടെ രൂപകല്‍പ്പന ഇതുവഴി തിരുവനന്തപുരത്തേക്ക് അദ്ദേഹം കൊണ്ടുവന്നു.
സി.വി.ആറിന്റെ സന്നദ്ധസ്ഥാപനമായ സായാഹ്ന ഫൗണ്ടേഷന്‍ മലയാളത്തിലെ ക്ലാസിക്കുകളും വ്യാകരണഗ്രന്ഥങ്ങളും ശബ്ദതാരാവലിയും ഐതിഹ്യമാലയും അടക്കം ഇന്ന് അച്ചടിയില്‍ ഇല്ലാത്തതും അമൂല്യവുമായ ധാരാളം ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് പൊതുസമൂഹത്തിനു സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. കെ. ദാമോദരന്‍, കുമാരനാശാന്‍, ചങ്ങമ്പുഴ തുടങ്ങി പല പ്രമുഖരുടെയും സമ്പൂര്‍ണ്ണരചനകളും എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തിന്റെ മുഴുവന്‍ ലക്കങ്ങളും ഈ ശേഖരത്തിലെ ആകര്‍ഷണങ്ങളാണ്. ഇന്നത്തെ പ്രമുഖ എഴുത്തുകാരുടെ പകര്‍പ്പവകാശരഹിതമായ രചനകളും കൂട്ടത്തിലുണ്ട്. ഗ്രന്ഥകര്‍ത്താക്കള്‍ക്ക് സാമ്പത്തികനേട്ടം കൂടി നല്കുന്ന റിവര്‍ വാലി പ്രസ് എന്ന സ്ഥാപനത്തിലൂടെ ഒരു ഡിജിറ്റല്‍ പ്രസിദ്ധീകരണവിതരണ മാതൃകയ്‌ക്കും സിവിആര്‍ തുടക്കം കുറിക്കുകയാണ്.
















