കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഇന്ത്യന്‍ വംശജനായ പൗരനെ തലസ്ഥാനമായ കാബൂളില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഫ്ഗാനിസ്ഥാനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങളുടെ ബിസിനസ് ചെയ്യുന്ന ബന്‍സുരി ലാല്‍ എന്ന 50 കാരനെയാണ് തോക്കുധാരികല്‍ തട്ടിക്കൊണ്ട് പോയത്. ഇവര്‍ ആരാണ് എന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് ചന്ദോക്കാണ് അരെന്ദെയെ തട്ടിക്കൊണ്ട് പോയ വിവരം ആദ്യം സമൂഹമാധ്യമം വഴി പുറം ലോകത്തെ അറിയിച്ചത്. ഇദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനും ഈ സന്ദേശം ടാഗ് ചെയ്തിട്ടുണ്ട്.
കടയിലേക്ക് പോകുന്നതിനിടെ കാബൂളിലെ 11ാം പൊലീസ് ഡിസ്ട്രിക്ടില്വെച്ചാണ് തട്ടിക്കൊണ്ടുപോയതെന്ന് പറയപ്പെടുന്നു. അഞ്ച് തോക്കുധാരികളുടെ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. അതേ സമയം ഇദ്ദേഹത്തിന്റെ ജോലിക്കാരില്‍ ഒരാളെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെങ്കിലും അയാള്‍ രക്ഷപ്പെട്ടെന്നും പുനീത് സിംഗ് ചന്ദോക് പറഞ്ഞു.
ആളുകളെ ബന്ദികളാക്കി പണം തട്ടുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല. ഹരിയാനയിലെ ഫരീദാബാദിലാണ് അരെന്ദെയുടെ കുടുംബം താമസിക്കുന്നത്.
പിന്നീട് അകാലിദള്‍ നേതാവ് മന്ജിന്ദര് സിംഗ് സിര്‍സയും ഇക്കാര്യം ട്വീറ്റിലൂടെ പങ്കുവെച്ചു. ബന്ശ്രീ ലാല്‍ അരെന്ദെ ഹിന്ദു സിഖ് കുടുംബത്തില്‍ ഉള്‍പ്പെട്ടയാളാണെന്നും കുടുംബമാണ് വിവരം നല്‍കിയതെന്നും അകാലിദള്‍ നേതാവ് വ്യക്തമാക്കി. ട്വിറ്ററില്‍ വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്താണ് മന്ജിന്ദര് സിംഗ് സിര്‍സ വിവരം പങ്കുവെച്ചിരിക്കുന്നത്.
‘തന്റെ ഉല്പന്നങ്ങള് സൂക്ഷിച്ചിട്ടുള്ള ഗോഡൗണിലേക്ക് പോകുമ്പോഴാണ് ബന്‍സുരി ലാലിനെ കഴിഞ്ഞ രാത്രി തട്ടിക്കൊണ്ടുപോയത്. തോക്ക്ധാരികളായ അഞ്ച് പേര് ബലമായി കാറില്‍ കയറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്മാരും മറ്റും സഹായം ചോദിച്ചിട്ടുണ്ട്. ഞാന്‍ സര്‍ക്കാരിനോട് സഹായം ചോദിച്ചിട്ടുണ്ട്,’ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ സിര്‍സ പറഞ്ഞു.
സംഭവത്തെക്കുറിച്ച് നിരീക്ഷിച്ചുവരികയാണെന്നും കാര്യങ്ങള്‍ വിലയിരുത്തുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: