ന്യൂദല്‍ഹി: സംശയരോഗത്തെത്തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തിയ റാബിയ സൈഫിയുടെ മരണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജപ്രചാരണം. ദല്‍ഹി പോലീസുദ്യോഗസ്ഥയായിരുന്നിട്ടും അവരുടെ മരണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കൂട്ടബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടതെന്നുമാണ് പ്രചാരണം നടക്കുന്നത്. ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മാധ്യമസ്ഥാപനങ്ങളിലേക്ക് സംഘടിതമായി ഫോണ്‍വിളികള്‍ വരുന്നതായാണ് വിവരം. അതേ സമയം റാബിയയെ കൊന്നത് ഭര്‍ത്താവ് നിസാമുദ്ദീനാണെന്ന വസ്തുത പറയാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല.
സമൂഹമാധ്യമങ്ങളിലും ഒരു വിഭാഗം റാബിയ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. റാബിയ ദല്‍ഹി പോലീസ് ഉദ്യോഗസ്ഥയല്ലെന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചാണ് പ്രചാരണം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ദല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച സിവില്‍ ഡിഫന്‍സ് സര്‍വ്വീസിലെ വോളന്റിയറായിരുന്നു അവര്‍. റാബിയ ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്നും അമ്പതോളം കുത്തേറ്റാണ് അവര്‍ മരിച്ചതെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരാവയവ പരിശോധനയിലും ഇത് വ്യക്തമാണ്.
ദല്‍ഹിയിലും കേരളത്തിലുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളിലും മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളിലും സംഘടിതമായി വിളിച്ചാണ് ആവശ്യമുന്നയിക്കുന്നത്. റാബിയ സൈഫിയെ ദല്‍ഹിയില്‍ കൊലപ്പെടുത്തിയത് മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും മുസ്ലിം യുവതി കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നുമുള്ള ആക്ഷേപമാണ് അവര്‍ ഉന്നയിക്കുന്നത്.
നിസാമുദ്ദീനെ പിടികൂടിയിട്ടുണ്ട്. ജൂലൈ ഏഴിനാണ് ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. എന്നാല്‍ വിവാഹക്കാര്യം തങ്ങള്‍ക്കറിയില്ലെന്നും റാബിയയുടെ സുഹൃത്തായ നിസാമുദ്ദീനൊപ്പം മറ്റു നാലുപേര്‍ കൂടി ചേര്‍ന്ന് റാബിയയെ കൊലപ്പെടുത്തിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: