തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു കോളനിയാണ് ചെങ്കല്‍ചൂള. ഇപ്പോഴിത് രാജാജി നഗര്‍ എന്നാണറിയപ്പെടുന്നത്. ഒരു കാലത്ത് നഗരവാസികള്‍ ഭയത്തോടെ മാത്രം കേട്ടിരുന്ന ഈ കോളനിയില്‍ ആദ്യമായി ഒരു ഡോക്ടര്‍. ബേക്കറി ജംഗ്ഷനില്‍ തട്ട്കട നടത്തുന്ന സുരേഷിന്റെയും മഞ്ജുവിന്റെയും മൂത്തമകള്‍ സുരഭി ബിഡിഎസ് മികച്ച രീതിയില്‍ പാസ്സായിരിക്കുന്നു.
ഇല്ലായ്മയും പട്ടിണിയും നിറഞ്ഞ ജീവിത സാഹചര്യങ്ങളോടു മല്ലിടുമ്പോഴും മക്കളെ അവരുടെ ആഗ്രഹത്തിനനുസരിച്ച് പഠിപ്പിക്കാനാണ് സുരേഷ് ശ്രമിച്ചത്. സുരഭിയുടെ സഹോദരി സൂര്യ ഗവ. വിമന്‍സ് കോളജില്‍ ബിഎയ്ക്ക് പഠിക്കുന്നു. അച്ഛനും അമ്മയും സഹോദരിയും തനിക്ക് മികച്ച പിന്തുണയും പ്രോത്സാഹനവുമാണ് നല്‍കിയിരുന്നതെന്ന് സുരഭി പറയുന്നു.
റിസല്‍ട്ട് വന്നയുടന്‍ തന്നെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ട് അനുഗ്രഹം വാങ്ങി. എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന അയല്‍വാസിയായ സജിത്തുമായി കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു സുരഭിയുടെ വിവാഹം. ഡോ. സുരഭി ഇപ്പോള്‍ എട്ടു മാസം ഗര്‍ഭിണിയാണ്. രാജാജി നഗര്‍ കോളനി നിവാസികള്‍ സുരഭിയെ വീട്ടിലെത്തി അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ്. ഇനി ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉണ്ട്. അത് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് എംഡിഎസിന് പോകണമെന്നാണ് ആഗ്രഹം എന്ന് പറഞ്ഞ് നിറുത്തുമ്പോള്‍ ഡോ. സുരഭിയുടെ കണ്ണുകളില്‍ അഭിമാനത്തിന്റെ തിളക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: