കൊച്ചി: ആരാധനാലയങ്ങള്‍ക്കായി ദേശീയപാതകളുടെ അലൈന്മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. ആര്‍ക്കും പ്രയാസമുണ്ടാക്കാതെ ഒരു വികസന പദ്ധതിയും സാധ്യമാകില്ല. വികസന പദ്ധതികളുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് വ്യക്തമാക്കി. കൊല്ലം ഉമയനെല്ലൂരില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ആരാധാനാലയം സംരക്ഷിക്കാന്‍ 2008-ലെ അലൈന്റ്മെന്റ് പുതുക്കിയപ്പോള്‍ കൂടുതല്‍ വീടും ആരാധനാലയങ്ങളും നഷ്ടമാകുമെന്ന സ്ഥിതിയായെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഈ ഹര്‍ജികള്‍ തള്ളി, ശ്രീകുമാരന്‍ തമ്പിയുടെ ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’ എന്ന വരികളുദ്ധരിച്ച് കോടതി വിധി പ്രഖ്യാപിച്ചത്. ദൈവം സര്‍വ്വവ്യാപിയാണ്. ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാല്‍ അത് ദൈവം ക്ഷമിച്ചോളും. ഈ ഉത്തരവിറക്കുന്ന ജഡ്ജിയോടും, വിധി നടപ്പാക്കുന്ന അധികൃതരോടും ഹര്‍ജിക്കാരോടും”.
അനാവശ്യമായ കാര്യങ്ങളുടെ പേരില്‍ ദേശീയ പാത വികസനത്തിനുള്ള സ്ഥമേറ്റെടുപ്പില്‍ ഇടപെടാനാകില്ല. രാജ്യത്തിന്റെ വികസനത്തിന് ദേശീയപാതയുടെ വികസനം ആവശ്യമാണ്. പൊതുതാല്പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകള്‍ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: