കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് അടുത്തതോടെ ആവേശത്തിലാണ് കല്‍പ്പറ്റ നഗരസഭയില്‍ മുന്നണികള്‍. ഇത്തവണ എന്‍ഡിഎ നഗരസഭയില്‍ നിര്‍ണായക ശക്തിയാകും എന്നാണ് ബിജെപി നഗരസഭ ജനറല്‍ സെക്രട്ടറി ഇ. ശിവദാസനും പ്രസിഡന്റ് എം.കെ, സുധാകരനും പറയുന്നത്.
കഴിഞ്ഞ ഭരണസമിതിയില്‍ ആദ്യം മൂന്നുവര്‍ഷം യുഡിഎഫും പിന്നീട് എല്‍ഡിഎഫുമാണ് ഭരണചക്രം തിരിച്ചത്. എന്നാല്‍ ഇത്തവണ രണ്ടു മുന്നണികളെയും പിന്നിലാക്കി നഗരസഭയില്‍ ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ. 24ല്‍ 20 ഇടങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇരുമുന്നണികളും മാറിമാറി വന്നിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൂടിവരികയാണ് ചെയ്തതെന്ന് ബിജെപി കല്‍പ്പറ്റ നഗരസഭ ജനറല്‍ സെക്രട്ടറി ഇ. ശിവദാസന്‍ പറയുന്നു.
പല വീടുകളിലും വൈദ്യുതി എത്തിക്കുവാനും കുടിവെള്ളം എത്തിക്കുവാനും നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. നഗരസഭയില്‍ ഉള്ള സാധാരണജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ പരാജയപ്പെട്ട ഇരുമുന്നണികള്‍ക്കും എതിരെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. നിര്‍ത്തുന്ന മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കുന്നത് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ്. മാത്രമല്ല യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും എസ്ടി എസ് സി വിഭാഗക്കാര്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.
ശുചിത്വമുള്ള നഗരസഭയായി കല്‍പ്പറ്റ നഗരം മാറിയെന്നു പറയുമ്പോഴും ഇപ്പോഴും ശാസ്ത്രീയമായ രീതിയില്‍ അസംസ്കൃതവസ്തുക്കള്‍ സംസ്കരിക്കാന്‍ സൗകര്യമില്ല. നഗരസഭയിലെ മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് തൊട്ടടുത്തുള്ള തോട്ടിലേക്ക് ആണ്. കല്‍പ്പറ്റ എച്ച്എംയുപി സ്കൂളിലെ മുന്‍ഭാഗം വരെ അഴുക്കുചാല്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അനന്തവീര ഭാഗത്തേക്ക് ഇവ ഒഴിവാക്കി. മഴക്കാലം വന്നാല്‍ ഇവിടെ മാലിന്യക്കൂമ്പാരം ഉണ്ടാകുമെന്നതില്‍ സംശയമില്ല.
പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന നിധിയില്‍ നിന്നും നിരവധിപേരാണ് കല്‍പ്പറ്റ നഗരസഭയില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ളത്. അതിനാല്‍ തന്നെ ജനങ്ങളുടെ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് കിട്ടുമെന്ന് തന്നെയാണ് എന്‍ഡിഎയുടെ വിശ്വാസം. മാത്രമല്ല പ്രധാനമന്ത്രിയുടെ പല പദ്ധതികളും അഴിമതിരഹിത ഭരണവും എന്‍ഡിഎയെ വിജയത്തില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ നഗരസഭയില്‍ അഞ്ചില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും നഗരസഭയിലെ നിര്‍ണായക ശക്തിയായി എന്‍ഡിഎ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010 ലും 15 ലും യുഡിഎഫിനൊപ്പം ആണ് നഗരസഭ നിന്നത്. 2015ല്‍ എല്‍ജെഡിയുടെ സഹായത്തോടെ യുഡിഎഫിന് ഭരണം നിലനിര്‍ത്താനായി. ആദ്യവര്‍ഷം എല്ജെടിയിലെ ബിന്ദു ജോസും പിന്നീടുള്ള രണ്ടു വര്‍ഷം മുസ്ലിം ലീഗിന്റെ ഉമൈബ മൊയ്തീന്‍കുട്ടിയും നഗരസഭാ അധ്യക്ഷയായി. എന്നാല്‍ എല്‍ജെഡി എല്‍ഡിഎഫിലേക്ക് തിരികെ വന്നതോടെ ഭരണം എല്‍ഡിഎഫിലേക്ക് എത്തുകയും സനിത ജഗദീഷ് നഗരസഭ അധ്യക്ഷ ആവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: