കോഴിക്കോട്: ജനങ്ങളില്‍ നിന്ന് അകലുന്തോറും പുതിയ അവിശുദ്ധ സഖ്യങ്ങള്‍ തട്ടിക്കൂട്ടി രക്ഷപ്പെടാന്‍ ഇടത്-വലത് മുന്നണികളുടെ ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി ഇടത് മുന്നണിക്ക് ഒപ്പമായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ യുഡിഎഫ് മുന്നണിക്കൊപ്പമാണ്. അതേസമയം യുഡിഎഫിന്റെ കൂടെ കഴിഞ്ഞ തവണ മത്സരിച്ച എല്‍ജെഡിയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു വിഭാഗവും ഇത്തവണ ഇടത് മുന്നണിയുടെ കൂടെയാണ്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഭരണത്തിലേറി എല്ലാറ്റിലും കയ്യിട്ട് വാരാനുള്ള പതിവ് നടപടി സ്വന്തം അണികള്‍ക്ക് പോലും ദഹിക്കുന്നില്ലെന്നാണ് സീറ്റുവിഭജന ചര്‍ച്ചകളില്‍ വെളിവാകുന്നത്. ഇടത്മുന്നണിയില്‍ സിപിഎം ഏകപക്ഷിയമായി കാര്യം നടപ്പാക്കുകയും മുന്നണിയിലേക്ക് പുതിയതായി വരുന്നവര്‍ക്ക് ഘടകകക്ഷികളുടെ സീറ്റുകള്‍ തട്ടിയെടുത്ത് വീതം വെച്ച് നല്‍കുന്നതും മുന്നണിയില്‍ തന്നെ ഏറെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.
യുഡിഎഫില്‍ മുക്കം മുന്‍സിപ്പാലിറ്റിയില്‍ നാലു സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയത് മുന്നണിക്കകത്ത് പൊട്ടിത്തെറി ഉണ്ടാക്കുകയും പ്രതിഷേധം ഉയര്‍ത്തിയവര്‍ കുറുമുന്നണി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ഇരുമുന്നണികള്‍ക്കകത്തും ആദ്യഘട്ടത്തില്‍ തന്നെ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത് ജനങ്ങളില്‍ പരിഹാസ്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ താലോലിച്ച് നെഞ്ചേറ്റി നടന്ന സിപിഎമ്മും ഇടത്മുന്നണിയും അവരെ ഇപ്പോള്‍ വര്‍ഗ്ഗീയത പറഞ്ഞ് കൈകഴുകാന്‍ നടത്തുന്ന ശ്രമം ജനങ്ങളില്‍ കൂടുതല്‍ പരിഹാസ്യമായും മാറിയിട്ടുണ്ട്. എല്‍ജെഡിയെ അഞ്ചുവര്‍ഷം മുമ്പ് ആക്ഷേപിച്ച അതേ നേതാക്കള്‍ അവരെ ഇപ്പോള്‍ പുണ്യവാളന്മാരാക്കാന്‍ നടത്തുന്ന അടവുകളും തമാശയായിട്ടാണ് ജനം വിലയിരുത്തുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ട് ഞങ്ങള്‍ ഇന്നാട്ടുകാരല്ലെന്ന മട്ടില്‍ പ്രസ്താവനയും പ്രസംഗവും നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിലകുറഞ്ഞ അടവുകളും ഭാരമായി മാറിയിരിക്കുകയാണ്.
















