അന്വേഷണം നേരാംവണ്ണം തന്നെയാണ് നടക്കുന്നതെന്ന നിലപാടായിരുന്നു ആദ്യമൊക്കെ മുഖ്യമന്ത്രിക്ക്. സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെ ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് മുഖ്യമന്ത്രിയാണല്ലൊ. മുഖ്യമന്ത്രി അയച്ച കത്തിനെ അവഗണിച്ചിരുന്നുവെങ്കില്‍ ഇന്നുള്ളതിനെക്കാള്‍ പ്രതിഷേധം ഉയര്‍ന്നേനെ. ഇപ്പോഴത്തെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അവഗണിക്കുന്ന സ്വഭാവക്കാരനല്ലല്ലോ.
അധികാരമേറ്റശേഷം ആദ്യമായി പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ദല്‍ഹിയിലെത്തിയപ്പോള്‍ നടന്ന സംഭാഷണം മറക്കാന്‍ പറ്റാത്തതാണല്ലോ. ”ഇത് സ്വന്തം വീടുപോലെ കണക്കാക്കാം എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം” പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ ആവേശത്തോടെ തന്നെയായിരുന്നു മുഖ്യമന്ത്രി ശ്രവിച്ചത്.
പിന്നീട് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും നരേന്ദ്രമോദിയെ വേട്ടയാടാന്‍ അവസരം കണ്ടെത്തുന്നതില്‍ മത്സരിക്കുകയായിരുന്നു. അതൊന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ നിരാകരിക്കാനുള്ള കാരണമല്ല. അതുകൊണ്ടുതന്നെയാണ് പല്ലും നഖവുമുള്ള അന്വേഷണ ഏജന്‍സികളെ കേരളത്തിലേക്കയച്ചത്.
നയതന്ത്ര കാര്യാലയം വഴി വന്ന സ്വര്‍ണം അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ് ചങ്ങലപോലെ കാട്ടുകള്ളന്മാരുടെ ചെയ്തികള്‍ ഓരോന്നായി കണ്ടെത്തുന്നത്. എന്‍ഐഎ, സിബിഐ, ഇഡി എന്നീ ഏജന്‍സികളുടെ സാന്നിധ്യം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. ഇതിനിടയിലാണ് മയക്കുമരുന്നു കടത്തുമായുള്ള ബന്ധവും പ്രതികള്‍ക്കുണ്ടെന്ന് ബോധ്യമായത്. അതിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷിന്റെ പങ്കും വെളിവാകുന്നത്.
കേരളത്തിലെ നേതാക്കളും ഉദ്യോഗസ്ഥ പ്രമാണിമാരും ലോല ഹൃദയരാണെന്നറിയാന് കേന്ദ്ര ഏജന്‍സികള്‍ തന്നെ അന്വേഷണത്തിനെത്തണം. കണ്ണൂരിന്റെ സഖാവ് പി. ജയരാജന് സിബിഐയുടെ മുന്നിലെത്തിയതേയുള്ളൂ. പൊട്ടിമുളച്ചു ഹൃദയവേദന. ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് എഴുന്നള്ളിക്കേണ്ടിവന്നു. മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനും ഹൃദയവേദനം മാത്രമല്ല നടുവേദന കലശലായതും കണ്ടു. ഏറ്റവും ഒടുവില്‍ ബിനീഷ് കൊടിയേരിക്കും ദേഹാസ്വാസ്ഥ്യം. കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുള്ള അടവാണിതെന്ന് വാര്‍ത്ത കേട്ടവര്‍ക്കെല്ലാം മനസ്സിലായി.
കേരളത്തിലും ദുബായിലുമായി ഒരു ഡസന്‍ കേസുകളുള്ള ബിനീഷ് മയക്കുമരുന്ന് കച്ചവടത്തിന്റെ ബോസാണെന്നാണ് ഇ.ഡി. കണ്ടെത്തിയത്. സ്വയം മയക്കുമരുന്ന് ഉപയോഗിക്കാറുമുണ്ടെത്രെ. കോടിക്കണക്കിന് രൂപയാണ് മയക്കുമരുന്ന് കച്ചവടത്തിന് ബിനീഷ് ഒഴുക്കിയത്. മടിയില്‍ കനമുള്ള ബിനീഷിനെ പിടികൂടിയപ്പോഴാണ് സിപിഎമ്മിന്റെ തനി നിറം വ്യക്തമായത്. കേന്ദ്ര ഏജന്‍സികളെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞത് ഏതാനും ദിവസം മുമ്പാണ്. പാര്ട്ടിക്കാര് നേടിയ സമ്പാദ്യം വളഞ്ഞ വഴിയിലെത്തിയതാണെങ്കില്പ്പോലും നഷ്ടപ്പെടരുതെന്ന വാശിയുണ്ടെന്ന് ബോധ്യപ്പെടുന്നതാണ്. ”നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ” എന്ന പഴയ മുദ്രാവാക്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണത്. അതിന്റെ ഭാഗം തന്നെയല്ലെ മുഖ്യമന്ത്രിയുടെ താക്കീത്.
അന്വേഷണ ഏജന്‍സികള്‍ അതിര് വിടരുതെന്ന് താക്കീത് ചെയ്ത മുഖ്യമന്ത്രി മാധ്യമങ്ങളെപോലും ഭീഷണിപ്പെടുത്തുന്നതാണ് കണ്ടത്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തതിനെയെല്ലാം നേരിടുക അതാണ് സിപിഎം ശൈലി അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്ന രീതി തുടരുമ്പോള്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം കെടുത്തരുതെന്ന ഉപദേശം വിചിത്രമാവുകയാണ്. മുഖ്യമന്ത്രി പറയുന്നു. ”ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്മാറ്റാന് ശ്രമിച്ചാല്‍ എങ്ങനെയാണ് ഭരണം മുന്നോട്ടുകൊണ്ട് പോകാനാവുക? എങ്ങനെയാണ് ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനാവുക? യഥാര്‍ത്ഥത്തില്‍ ഈ യുദ്ധം ജനങ്ങള്‍ക്കും ഈ നാടിനും എതിരാണ് എന്ന് മനസ്സിലാക്കാന്‍ വേറെ അന്വേഷണമൊന്നും വേണ്ട.
ഇതില്‍ മാധ്യമങ്ങളുടെ പങ്കും വിശകലനം ചെയ്യണം. സര്‍ക്കാരിനോട് എതിര്‍പ്പുള്ള മാധ്യമങ്ങളുണ്ടാകാം. ഈ സര്‍ക്കാരിനെ നശിപ്പിക്കണം എന്ന ഉല്‍ക്കടമായ ആഗ്രഹത്താല്‍ വശംകെട്ടവരും ഉണ്ടാകാം. അവയെ ആ വഴിക്കു വിടാം. അതല്ലാതെ സ്വതന്ത്രം, എന്ന മേലങ്കിയിട്ട ചില മാധ്യമങ്ങള്‍ ഈ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോ
ത്സാഹനം നല്കുന്നില്ലേ. ഒരു ദിവസം പോലും ആയുസ്സില്ലാത്ത വാര്‍ത്തകളെ ആഘോഷമാക്കുന്നതിലൂടെ സര്‍ക്കാരിനെ കരിവാരിത്തേക്കാം എന്ന ധാരണയോ അങ്ങനെ സംഭവിക്കണം എന്ന ദുര്‍മ്മോഹമോ ആണ് അവരെ നയിക്കുന്നത്. തങ്ങള്‍ ഇതുവരെ ആഘോഷിച്ച പല വാര്‍ത്തകളുടെയും പിന്നീടുള്ള സ്ഥിതി എന്തായി എന്ന ആത്മപരിശോധന മാധ്യമങ്ങള്‍ നടത്തണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
ഇവിടെ ഒരു കാര്യം മാത്രമേ ഇപ്പോള്‍ അടിവരയിട്ടു പറയുന്നുള്ളു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് ഞങ്ങള്‍ തളര്‍ന്നു പോകില്ല. ഈ നാടിന്റെ മുന്നോട്ടുള്ള വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നവരെ തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ചുകാണുകയും വേണ്ട.” കേന്ദ്രസര്‍ക്കാരിനെതിരെ കഥയും കാമ്പുമില്ലാത്ത ആരോപണങ്ങള്‍ നിരന്തരം നടത്തുമ്പോള്‍ ഈ സാരോപദേശങ്ങളെല്ലാം പമ്പകടക്കും. അതാണ് ഞങ്ങള്‍ പ്രത്യേകിച്ച് കേരളത്തിലുള്ളവരുടെ സ്വഭാവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: