ഭാരതീയ വാസ്തുവിദ്യാ ശൈലിയുടെ ഉദാത്ത മാതൃകകളാണ് നാലുകെട്ടുകള്‍. ചതുശ്ശാല സങ്കല്പത്തെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ മുന്‍പേ നല്‍കിയിരുന്നല്ലോ. അന്തരാളം, ഉത്തരം, വിന്യാസക്രമം എന്നിവകളുടെ അടിസ്ഥാനത്തില്‍ എല്ലാ വാസ്തുഗ്രന്ഥങ്ങളും വിവിധ രീതികളിലുള്ള നാലുകെട്ടുകള്‍ വിവരിച്ചിട്ടുണ്ട്. പ്രാധാന്യേന അഞ്ചു വിധം എല്ലാ ഗ്രന്ഥങ്ങളും പറയപ്പെട്ടുവെങ്കിലും കേരളീയ ശൈലിവിശേഷത്താല്‍ ഒന്‍പതു വിധം നാലുകെട്ടുകള്‍ ഉണ്ട്.
ഭിന്ന, അഭിന്ന എന്നിങ്ങനെ ശാലകള്‍ രണ്ടുവിധമാണ്. ഉത്തരം, സ്തംഭം, ദ്വാരം മുതലായ അംഗവിശേഷങ്ങളാല്‍ ഓരോന്നും പരിപൂര്‍ണ ലക്ഷണത്തോട് കൂടി കോണ്‍ ഗൃഹങ്ങളോട് ബന്ധപ്പെടാതെ നാലു ദിക്ഗൃഹങ്ങള്‍ മാത്രമെങ്കില്‍ അത് ഭിന്നശാലയാകുന്നു. മറിച്ചുള്ളവ അഭിന്നവും. നടുമുറ്റത്തിനു അഭിമുഖമായ നാലു ദിക്ഗൃഹങ്ങളും, അവകളുടെ നാലു കോണ്‍ഗൃഹങ്ങളും ചേര്‍ന്ന് എട്ടു ഗൃഹങ്ങള്‍ ആചാര്യന്മാരാല്‍ പറയപ്പെട്ടിരിക്കുന്നു. ഉത്തരങ്ങളുടെ ഗതി, അളവ്,അന്തരാളവിന്യാസം എന്നീ വ്യത്യാസങ്ങള്‍ അനുസരിച്ച് ആണ് വ്യത്യസ്ത ശാലകള്‍ ഉണ്ടാകുന്നത്. ഇവകളുടെ വിസ്താരം, ഉയരം, ക്രമം എന്നിവകള്‍ക്കും ഭേദമുണ്ട്. ‘
വിശുദ്ധ ഭിന്നശാല
നാലു ദിക്ഗൃഹങ്ങള്‍ മാത്രം നല്‍കി കോണ്‍ ഗൃഹങ്ങള്‍ ഇല്ലാത്തവയാണ് ഭിന്നശാലകള്‍. ഏക യോനി ക്രമത്തിലുള്ള നടുമുറ്റവും ദിക് യോനി ക്രമത്തിലുള്ള ദിക് ഗൃഹങ്ങളും നിര്‍ബന്ധം തന്നെ. ശാലാപ്രാധാന്യമനുസരിച്ചു വിസ്താരക്രമം സ്വീകരിക്കണം. പടിഞ്ഞാറ്റിനി, തെക്കിനി ,വടക്കിനി, കിഴക്കിനി ക്രമത്തിലാണ് വിസ്താരക്രമം സ്വീകരിക്കേണ്ടത്. ദിക് പ്രാധാന്യം അനുസരിച്ചും ആവാം. പ്രാധാന്യമനുസരിച്ചുള്ളത് സ്ഥായി ഗൃഹവും മറ്റുള്ളവ അസ്ഥായി ഗൃഹങ്ങളും ആകുന്നു.
ശ്ലിഷ്ട ഭിന്നശാല
ഭിന്നശാല രീതിയില്‍ ഒന്നോ രണ്ടോ കോണ്‍ ഗൃഹങ്ങള്‍ ദിക് ഗൃഹങ്ങളില്‍ യോജിപ്പിക്കുന്നുവെങ്കില്‍ അത് ശ്ലിഷ്ടഭിന്നശാലയാകുന്നു. ഇപ്രകാരം ദിക്ഗൃഹങ്ങളെ യോജിപ്പിക്കുമ്പോള്‍ ശാലകളുടെ ബന്ധുത്വം അനുസരിച്ചാണ് യോജിപ്പിക്കേണ്ടത്. ഇതിന്‍പ്രകാരം തെക്കിനിയെ പടിഞ്ഞാറ്റിനിയോടും കിഴക്കിനിയെ വടക്കിനിയോടും കൂടെയാണ് യോജിപ്പിക്കേണ്ടത്. വേറിട്ടു നില്‍ക്കുന്ന അന്തരാളങ്ങള്‍ അപ്രധാന പ്രവേശന കവാടങ്ങളായിട്ടാണ് ചെയ്യാറുള്ളത്.
സംശ്ലിഷ്ട ഭിന്നശാല
നന്ദ്യാവര്‍ത്തം എന്ന നാമാന്തരത്തില്‍ പ്രസിദ്ധമായ ഈ ശൈലി നാലു ദിക് ഗൃഹങ്ങളും നാലു കോണ്‍ ഗൃഹങ്ങളും ചേര്‍ന്നതാണ്. പ്രധാന ഗൃഹത്തിന്റ അങ്കണോത്തരം അപ്രദക്ഷിണ ക്രമത്തില്‍ നന്ദ്യാര്‍വട്ട
പൂവ് പോലെ ചേര്‍ത്ത് കൊള്ളണം. അങ്കണചുറ്റളവും പര്യന്തചുറ്റും ഏകയോനിയിലാവുകയും വേണം. ദിക് ഗൃഹങ്ങള്‍ക്ക് നിജയോനിയും കോണ്‍ ഗൃഹങ്ങള്‍ക്ക് ബന്ധുത്വമനുസരിച്ചുള്ള യോനിക്രമവും സ്വീകരിച്ചു കൊള്ളണം. അതനുസരിച്ചു ഈശ കോണില്‍ കേതുയോനിയും അഗ്‌നിയില്‍ സിംഹവും നിരൃതിയില്‍ വൃഷവും വായുവില്‍ ഗജയോനിയും സ്വീകരിക്കണം. ദിക് ഗൃഹങ്ങള്‍ ജനകങ്ങളും കോണ്‍ ഗൃഹങ്ങള്‍ ജന്യങ്ങളുമാകുന്നുവെന്നാണ് സങ്കല്പം.
വിശിഷ്ട ഭിന്നശാല
മുന്‍പറഞ്ഞ വിധിപ്രകാരം തന്നെ കോണ്‍ ഗൃഹങ്ങളെ അന്തരാളങ്ങള്‍ കൊണ്ട് വേര്‍തിരിക്കുന്നുവെങ്കില്‍ അത് വിശിഷ്ട ഭിന്ന ശാലയാകുന്നു. എല്ലാ ശാലകളുടെയും ഇടത്തെ അന്തരാളങ്ങളിലാണ് പ്രധാനവാതില്‍ സ്ഥാപിക്കുന്നതും. ഉത്തരത്തിന്റ സന്ധികള്‍ ഈ അന്തരാളങ്ങളില്‍ ആണ് ചെയ്യേണ്ടത്. വിദിക് യോനികള്‍ വര്‍ജ്യങ്ങളാകയാല്‍ കോണ്‍ ഗൃഹങ്ങള്‍ക്ക് ബന്ധുത്വമനുസരിച്ചു യോനി, ഗതി, വിസ്താരം എന്നിവ എടുത്തുകൊള്ളണം
ഡോ. രാധാകൃഷ്ണന്‍ ശിവന്‍
















