കോഴിക്കോട്: കേരളഗാന്ധി കെ. കേളപ്പജിയെ 49-ാം ചരമവാര്‍ഷികദിനത്തില്‍ കോഴിക്കോട് ജില്ലാ സര്‍വോദയ മണ്ഡലം അനുസ്മരിച്ചു. നടക്കാവ് കേളപ്പജി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. എലത്തൂരില്‍ കോരപ്പുഴക്ക് കുറുകെ പുനര്‍നിര്‍മ്മിക്കുന്ന പാലത്തിന് കേളപ്പജിയുടെ പേര് നല്‍കണമെന്ന് ജില്ലാ സര്‍വോദയ മണ്ഡലം ആവശ്യപ്പെട്ടു.
കേളപ്പജി ഡിസ്ട്രിക്ട് ബോര്‍ഡ് ചെയര്‍മാനായിരുന്ന കാലത്താണ് ഇവിടെ ആദ്യം പാലം നിര്‍മ്മിച്ചത്. പാലത്തിലൂടെ ഒരു കാളവണ്ടി കടത്തിവിട്ടായിരുന്നു അന്ന് ഉദ്ഘാടനം. പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന് കേളപ്പജിയുടെ പേര് നല്‍കി അദ്ദേഹത്തോട് നീതി കാണിക്കണമെന്നും സര്‍വോദയ മണ്ഡലം ആവശ്യപ്പെട്ടു. ജില്ലാ സര്‍വോദയ മണ്ഡലം പ്രസിഡണ്ട് ടി.കെ.എ. അസീസ് അദ്ധ്യക്ഷനായി. സീനിയര്‍ ജേര്‍ണലിസ്റ്റ് തറമ്മല്‍ ബാലകൃഷ്ണന്‍ പ്രതിമയില്‍ പുഷ്പമാല ചാര്‍ത്തി. കെ.പി. ബാബു, വെളിപാലത്ത് ബാലന്‍, പി.ഐ. അജയന്‍, പി. ശിവാനന്ദന്‍, കെ. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
















