ബൗദ്ധകഥകളിലെ യക്ഷിയാണ്. കുട്ടികളെ പിടിച്ചുകൊണ്ടുപോയി കുഞ്ഞുങ്ങള്‍ക്ക് ആഹാരമാക്കുന്നവള്. അവളെ ഭയമായിരുന്നു മനുഷ്യകുലത്തിന്. കൊര്ണകോപ്പിയ എന്ന അറ്റം വളഞ്ഞ കൊമ്പുമായി അവളിറങ്ങും. ഒന്ന് പത്തായി, പത്ത് നൂറായി… കുഞ്ഞുങ്ങളെ അവള് പിടികൂടും. അവളില്‍ നിന്ന് സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അച്ഛനമ്മമാര്‍ ഊണുമുറക്കവും ഉപേക്ഷിച്ചു. ജീവിതത്തെ അസ്വസ്ഥമാക്കി. പരിഹാരം ഭഗവാന് ബുദ്ധനായിരുന്നു. അവളുടെ നൂറ് കുഞ്ഞുങ്ങളിലൊന്നിനെ ബുദ്ധന് മറച്ചുവച്ചു. ശേഷിച്ച കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്, നഷ്ടപ്പെട്ട തന്റെ മകന് വേണ്ടി അലമുറയിട്ട് അവള് അലഞ്ഞു. കുഞ്ഞ് നഷ്ടമാകുന്ന അമ്മയുടെ വേദന യക്ഷിയായിരുന്നിട്ടും അവള് അറിഞ്ഞു.
ബുദ്ധന് കുഞ്ഞിനെ മടക്കി നല്കുമ്പോള് ഹരിതി വാവിട്ട് നിലവിളിച്ചു. ലോകത്തെ ഭയപ്പെടുത്തിയ യക്ഷി അമ്മയായി, അവളുടെ കുഞ്ഞിന് മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും. ഭയവും കരുതലും ഒരുപോലെ ചേര്‍ന്ന കഥാപാത്രമാണ് കിഷിമോജിന് എന്ന് ജാപ്പനീസ് കഥകളില്‍ കാണുന്ന ഈ കഥാപാത്രം.
‘ഭയം വേണ്ട ജാഗ്രത മതി’ എന്നായിരുന്നല്ലോ കൊറോണക്കാലത്ത് ഉയര്‍ന്ന മുദ്രാവാക്യവും. കൊറോണ ഒരു ഭയമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ഹരിതി നമുക്ക് മുന്നില്‍ ജാഗ്രതയുടെ ഓര്മപ്പെടുത്തലാവുന്നത്. വടക്കേനട പ്രൊഡക്ഷന്‍സിന് വേണ്ടി വിജയകുമാര്‍ നിര്‍മിച്ച് ദിലീപന് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ഹരിതി. കിഷിമോജിന്റെ കരങ്ങളിലെ കൊര്ണുകോപ്പിയ പോലെയാണ് കൊറോണയുടെ വ്യാപനരീതിയും, അത് സൃഷ്ടിക്കുന്ന ഭയവും. ജാഗ്രത മതി എന്ന് ആവര്‍ത്തിച്ച് ഭയം ജനിപ്പിക്കുന്ന മാധ്യമ അവതരണവും ഹരിതി ചൂണ്ടിക്കാണിക്കുന്നു.
കഥകളി നടനും അദ്ധ്യാപകനുമായ ഡോ: സി.പി. ഉണ്ണിക്കൃഷ്ണനാണ് വ്യത്യസ്തവും ഭാവാത്മകവുമായ ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. വാര്‍ത്തകളിലൂടെയും പ്രചാരണങ്ങളിലൂടെയും ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന ഭയത്തെ കുടഞ്ഞെറിഞ്ഞാല്‍ പിന്നെ മോചനമായി എന്നതാണ് ചിത്രത്തിന്റെ സന്ദേശം. അദൃശ്യ ശത്രുവിനെ കല്പനകള് കൊണ്ട് പിന്നിടുകയും ഭയത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്ന വിജയന് എന്ന കഥാപാത്രം തിരിച്ചറിവിലേക്ക് ഉയിര്‍ക്കുന്നതാണ് കഥയുടെ മര്‍മം. വിജയന്റേത് ഭയത്തെ കുടഞ്ഞെറിയല്‍ മാത്രമല്ല ബോധത്തിലേക്കുള്ള, സ്വത്വത്തിലേക്കുള്ള മടങ്ങിവരവ് കൂടിയാണ്.
ബോധിസത്വന്റെ കഥയില്‍ നിന്ന് അഥര്വേദപ്പൊരുളിലൂടെ മാനസികമായ കരുത്ത് നേടുന്ന ആ കഥാപാത്രം തീര്‍ത്തും മനഃശാസ്ത്രപരമായ മനോഹരമായ ആവിഷ്കാരമാണ്. കോവിഡ് കാലത്ത് സൃഷ്ടിക്കപ്പെട്ട അനേകം ഹ്രസ്വചിത്രങ്ങളില്‍ ആത്മാവ് തൊട്ടത് എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന സൃഷ്ടിയാണ് ഹരിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: