ന്യൂദല്‍ഹി: ഇന്ത്യന്‍ ബോക്‌സിങ് താരം അമിത് പംഗല്‍ 52 കിലോഗ്രാം വിഭാഗത്തിന്റെ പുതിയ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവുമാണ് അമിത് പംഗല്‍. നിലവിലെ ഒളിമ്പക് ചാമ്പ്യനായ ഉസ്ബകിസ്ഥാന്റെ സോയ്‌റോവിനെ മറികടന്നാണ് അമിത് ഒന്നാം റാങ്കിലെത്തിയത്. അമിതിന് 1300 പോയിന്റ് ലഭിച്ചു. 1200 പോയിന്റു നേടിയ സോയ്‌റോവിനാണ് രണ്ടാം റാങ്ക്.
പതിനെട്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്റര്‍നാഷണല്‍ അമേച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ (എഐബിഎ) ലോക റാങ്കിങ് പുറത്തിറക്കുന്നത്. 2019 ജനുവരിയിലാണ് എഐബിഎ അവസാനമായി ലോക റാങ്കിങ് പുറത്തിറക്കിയത്. അന്ന് വനിതാ താരങ്ങളുടെ റാങ്കിങ് മാത്രമാണ് പുറത്തിറക്കിയത് ഇന്ത്യയുടെ മേരി കോം 48 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയിരുന്നു. പുതിയ റാങ്കിങ്ങില്‍ മേരി കോം മൂന്നാം സ്ഥാനത്താണ്.
















