കോഴിക്കോട്: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രം ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി ജീവനക്കാരനും കുടുംബവും. 14 വര്‍ഷമായി മാധ്യമത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന റോഷിതാണ് പ്രതിഷേധവുമായി എത്തിയത്. ജൂണ്‍ 30നാണ് റോഷിതിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. മാധ്യമം പത്രത്തിന്റെ വെള്ളിമാടുകുന്ന് ഓഫീസിന് മുന്നിലാണ് റോഷിതും കുടുംബവും പ്രതിഷേധവുമായെത്തിയത്. പിരിച്ചുവിടല്‍ പിന്‍വലിക്കണമെന്നാണ് റോഷിതിന്റെ ആവശ്യം.
14 വര്‍ഷം മുമ്പ് ദിവസവേതനത്തിലാണ് റോഷിത് മാധ്യമത്തില്‍ ജോലി ആരംഭിച്ചത്. ആദ്യ ഒരു വര്‍ഷം മുഴുവന്‍ ദിവസ വേതനാടിസ്ഥാനത്തിലായിരുന്നു ജോലി. പത്തു വര്‍ഷം ജോലി ചെയ്തതിന് ശേഷമാണ് പ്രൊബേഷനിലാകുന്നത്. രണ്ടു വര്‍ഷമായിരുന്നു പ്രൊബേഷന്‍. പ്രൊബേഷനുശേഷം സ്ഥിരപ്പെടുത്തിയില്ല. 2019 ആഗസ്തിലാണ് റോഷിതിന്റെ പ്രൊബേഷന്‍ കാലാവധി അവസാനിച്ചത്. അതിനുശേഷം അഞ്ചു മാസത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടുപിടിക്കണമെന്ന് മാധ്യമം മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. 2019 ഡിസംബറില്‍ അഞ്ചു മാസത്തെ കാലാവധി തീര്‍ന്നു. പിന്നീട് മാനേജ്മെന്റുമായി ചര്‍ച്ചകള്‍ നടത്തിയശേഷം ജൂണ്‍ 30 വരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അനുവദിച്ചു. ഈ കരാര്‍ അവസാനിച്ചതോടെ ജൂണ്‍ 30ന് റോഷിതിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയായിരുന്നു. ജൂലൈ ഒന്നിന് പ്രതിഷേധവുമായി എത്തിയ റോഷിതുമായി മാനേജ്മെന്റ് ചര്‍ച്ച നടത്തിയിരുന്നു. ആറു മാസത്തേക്ക് കാലാവധി നീട്ടിത്തരുമെന്നാണ് അറിയിച്ചത്. അതിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്തണമെന്നും അറിയിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരെ ജോലിയില്‍ നിന്നു പിരിച്ചുവിടുന്നതിനുള്ള കാരണമായി മാധ്യമം മാനേജ്മെന്റ് പറയുതെങ്കിലും അതല്ല യഥാര്‍ത്ഥ കാരണമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
പിരിച്ചുവിടല്‍ കൂടാതെ ശമ്പളം വെട്ടിച്ചുരുക്കല്‍ നടപടികളും മാനേജ്മെന്റ് സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസമായി മാധ്യമത്തില്‍ കൃത്യമായി ശമ്പളം പോലും നല്‍കുന്നില്ല. സ്ഥിരം ജീവനക്കാര്‍ക്ക് 5000 മുതല്‍ 10,000 രൂപ വരെയുള്ള തുക പല തവണകളായാണ് നല്‍കുന്നത്. ഇതുകൂടാതെ സ്ഥിരം ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുമെന്ന നിര്‍ദ്ദേശവും മാനേജ്മെന്റ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: