ന്യൂദല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരമെന്ന പേരില്‍ ദല്‍ഹിയില്‍ കലാപം അരങ്ങേറിയതുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് ദേവാംഗന കലിതയ്ക്കെതിരെ യുഎപിഎ ചുമത്തി. കലാപത്തിന് ആഹ്വാനം ചെയ്ത പിംജ്ര തോഡ് എന്ന സംഘടനാ പ്രവര്‍ത്തകയാണ് ദേവാംഗന. നേരത്തെ മറ്റൊരു ആക്ടിവിസ്റ്റായ നടാഷ നര്‍വാളിനെതിരേയും കലാപത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി യുഎപിഎ ചുമത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മെയ് 23നാണ് ദേവാംഗനയെ ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയുള്ള അന്വേഷണവുമായി മുന്നോട്ടുപോകാന്‍ ദല്‍ഹി പോലീസിന് കോടതി ബുധനാഴ്ച അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദേവാംഗനയ്ക്കെതിരെ യുഎപിഎ ചുമത്തിയത്. ഇവര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. രാജ്യദ്രോഹം, കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, മതത്തിന്റേയും മറ്റും അടിസ്ഥാനത്തില്‍ വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദേവാംഗനക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലെ അക്രമവുമായി ബന്ധപ്പെട്ട മറ്റൊരു കേസും ദേവാംഗനക്കെതിരെ ചുമത്തിയിരുന്നു. ഒരാഴ്ച്ചക്കിടെ ഇത് നാലാമത്തെ കേസാണ് ദേവാംഗനക്കെതിരെ ചുമത്തുന്നത്. ദല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: