ന്യൂദല്‍ഹി: കൊറോണ വൈറസ് (കോവിഡ് 19)ചൂട് കാലത്തെ അതിജീവിക്കുമോ എന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയും ആഫ്രിക്കയും അടക്കമുള്ള ഉഷ്ണ മേഖലാ രാജ്യങ്ങളില്‍ വൈറസ് രോഗം പടര്‍ന്ന് പിടിക്കുന്നത് ചെറുക്കാന്‍ കാലാവസ്ഥാ സഹായം ലഭിക്കുമെന്ന് ചില ശാസ്ത്രജ്ഞര്‍ കരുതുന്നു. ചൂട് വൈറസിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നാണെന്നാണ് പൊതുവായ നിഗമനം.
എന്നാല്‍ ഹോങ്കോങ് സര്‍വകലാശാലയിലെ ഡോ. ചാനും സഹപ്രവര്‍ത്തകരും സാര്‍സ് വൈറസില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് കൂടിയ ചൂടും കൂടിയ ഈര്‍പ്പവും ശരീരത്തില്‍ വൈറസിന്റെ പ്രവര്‍ത്തനത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു എന്നാണ്.
22-25 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലും 40-50 ശതമാനം ഈര്‍പ്പത്തിലുമുള്ള അന്തരീക്ഷത്തില്‍ വൈറസിന്റെ ജീവന സാമര്‍ത്ഥ്യം കുറയാതെ നിലനില്ക്കുന്നു. എന്നാല്‍ 38 ഡിഗ്രി കൂടിയ ചൂടും 95 ശതമാനത്തിന് മുകളില്‍ ഈര്‍പ്പവുമുള്ള അന്തരീക്ഷത്തില്‍ വൈറസിന്റെ സാമര്‍ത്ഥ്യം നഷ്ടപ്പെടുന്നു എന്നുമാണ് അന്നവര്‍ കണ്ടെത്തിയത്. ചൈനയിലും ഹോങ്കോങ്ങിലും രോഗം പടര്‍ന്നപ്പോഴും മലേഷ്യ, തായ്ലന്ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ രോഗം പടരാതിരുന്നത് അന്തരീക്ഷതാപവര്ധനയും ഉയര്‍ന്ന ഈര്‍പ്പവും സാര്‍സ് കൊറോണാ വൈറസിന് അനുകൂലമല്ലാത്തതിനാലായിരുന്നു എന്ന് ആ പഠനം ചൂണ്ടിക്കാട്ടുന്നു. ഇതുപക്ഷേ, സാര്‍സ് കൊറോണ വൈറസിന്റെ കാര്യത്തിലാണ്. ഇപ്പോള്‍ വ്യാപിക്കുന്നത് നോവല്‍ കൊറോണാ വൈറസ് അഥവാ കോവിഡ് 19 ആണ്. പുതിയ വൈറസിന്റെ കാര്യത്തില്‍ പഠനങ്ങള്‍ പലതും നടക്കാന്‍ പോകുന്നതേയുള്ളൂ. സാര്‍സ് വൈറസ് പോലെയാണ് കോവിഡ് 19 എങ്കില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഉത്തരാര്‍ദ്ധഗോളത്തിന് വരുന്ന ദിവസങ്ങളില്‍ ആശ്വസിക്കാം. തണുപ്പുകാലത്തില്‍ നിന്നും വസന്തത്തിലേക്കും വേനലിലേക്കുമാണ് നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: