ബെംഗളൂരു: മുസ്ലിം യുവാവിനെ മഠാധിപതിയായി വാഴിച്ചതിനു ശേഷം പിന്നാക്ക സമുദായത്തില്‍പ്പെട്ട കുറുബ വിഭാഗത്തില്‍ നിന്നുള്ള വനിതയെ മഠാധിപതിയായി വാഴിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കര്‍ണാടകത്തിലെ ലിംഗായത്ത്. ദാര്‍വാഡ് ജില്ലാ സ്വദേശിയായ നീലമ്മ തായ് (47) ആണ് ബാഗല്‍കോട്ട് ജില്ലയിലെ ജമഖണ്ഡി താലൂക്ക് സുന്ദി പിഎം വില്ലേജിലെ മരേഗുദ്ദി ബസവ കേന്ദ്ര മഹന്ത് മഠാധിപതിയായി സ്ഥാനമേറ്റത്. ഇല്‍ക്കല്‍ മഠത്തിന്റെ ശാഖയായി 1987ലാണ് മഠം ആരംഭിക്കുന്നത്.
പതിനഞ്ചാം വയസ്സു മുതല്‍ ബസവേശ്വര ആശയങ്ങള്‍ പിന്തുടര്ന്ന് ജീവിക്കുന്ന നീലമ്മ തായ് 2010 മുതല്‍ മഠത്തിന്റെ കീഴിലുള്ള പ്രൈമറി സ്കൂള്‍ അധ്യാപികയാണ്. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ 15000ത്തിലധികം ഭക്തരും 20 ലിംഗായത്ത് ആചാര്യന്മാരും പങ്കെടുത്തു. ഇല്ക്കി ചിറ്റാരഗി സന്സ്ഥാന് മഠത്തിലെ മഹന്ത് സ്വാമി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ലിംഗായത്ത് മഠാധിപതിയായി 20 വനിതകളുണ്ടെങ്കിലും ആദ്യമായാണ് പിന്നാക്ക സമുദായത്തില്‍ നിന്ന് ഒരു വനിത മഠാധിപതിയാകുന്നത്. ഇനി മുതല്‍ വിജയ മഹന്തമ്മ തായി എന്ന പേരിലാകും സ്വാമിനി അറിയപ്പെടുക.
കഴിഞ്ഞ ഫെബ്രുവരി 20ന് മുസ്ലിം യുവാവായ ദിവാന് ഷെരീഫ് റഹിമാന്‍ സാബ് മുല്ല (33) വടക്കന്‍ കര്‍ണാടകത്തിലെ ഗദഗ് ജില്ലയില്‍ ആസ്തി ഗ്രാമത്തിലെ മുരുകരാജേന്ദ്ര കോരനേശ്വര ശാന്തിധാമ മഠത്തിന്റെ അധിപതിയായി സ്ഥാനമേറ്റിരുന്നു. ഷെരീഫിന്റെ പിതാവ് റഹിമാന്‍ സാബ് വളരെ നേരത്തെ തന്നെ ബസവേശ്വര അനുയായിയായിരുന്നു. റഹിമാന്‍ നേരത്തെ ലിംഗായത്ത് മഠത്തില്‍ നിന്ന് ദീക്ഷ സ്വീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം കുടുംബാംഗങ്ങള്‍ രണ്ട് ഏക്കര്‍ സ്ഥലം ലിംഗായത്ത് മഠത്തിന് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: