വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ്-താലിബാന് സമാധാന കരാറായതോടെ തങ്ങളുടെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ സമയമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറായതിനു ശേഷം ട്രംപിന്റെ ആദ്യ പ്രതികരണം.
പതിനാല് മാസം കൊണ്ട് അഫ്ഗാനിസ്ഥാനിലെ സൈനികരെയെല്ലാം അമേരിക്ക പിന്‍വലിക്കുമെന്നാണ് കരാറിലെ പ്രധാന വാഗ്ദാനം. വൈറ്റ്ഹൗസില്‍ നടത്തിയ പ്രതികരണത്തില്‍ ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചു. രണ്ട് മാസത്തിനുള്ളില്‍ അയ്യായിരം അമേരിക്കന്‍ സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് നാട്ടിലെത്തിക്കും. പതിയെ അമേരിക്കയുടെ സൈനികരെല്ലാം അവിടെനിന്ന് പിന്‍വാങ്ങും. ഭാവിയില്‍ താലിബാന് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുമെന്ന സൂചനയും ട്രംപ് നല്കി.
കരാറിനായി പ്രയത്നിച്ച വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്ക്കും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനും ട്രംപ് നന്ദി രേഖപ്പെടുത്തി. ഭീകരത അവസാനിപ്പിക്കാന്‍ ജീവന് ബലി നല്കിയ അമേരിക്കയിലെ ഓരോ പൗരനും ഈ സുപ്രധാന കരാറില്‍ പങ്കാളിയാണെന്നും ട്രംപ് പറഞ്ഞു. രണ്ടായിരത്തിലധികം അമേരിക്കന്‍ സൈനികര്‍ക്കാണ് യുഎസ്-താലിബാന് യുദ്ധത്തില്‍ ജീവന് നഷ്ടപ്പെട്ടത്. പന്ത്രണ്ടായിരത്തോളം യുഎസ് സൈനികര്‍ നിലവില്‍ അഫ്ഗാനിസ്ഥാനിലുണ്ട്.
വര്‍ഷങ്ങളായി അമേരിക്കയുമായി കരാറിലെത്താനുള്ള ശ്രമത്തിലായിരുന്നു താലിബാന്. ഇരു കൂട്ടര്‍ക്കും യുദ്ധം മടുത്തു. അഫ്ഗാനിസ്ഥാനില്‍ ഭീകരരെ വധിക്കുകയായിരുന്നു യുഎസ് സൈനികരുടെ ജോലി. വര്‍ഷങ്ങളായി ഇത് ചെയ്തു പോന്നു. മറ്റു രാജ്യങ്ങള്‍ക്ക് ഇനി ഈ ജോലി ഏറ്റെടുക്കാം. താലിബാനെ പ്രതിരോധിക്കാന്‍ മറ്റു രാജ്യങ്ങള്‍ മുന്നിട്ടിറങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കരാറില്‍ ലംഘനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഉണ്ടായാല്‍ ഇതുവരെ കാണാത്ത സൈനിക നീക്കമാകും അമേരിക്ക നടത്തുക. അമേരിക്കയുടെ പ്രത്യേക ദൂതന് സല്‍മയി ഖാലില്‍സാദും താലിബാന് നേതാവ് മുല്ല അബ്ദുള്‍ ഖാനി ബര്ദാറും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്. ചരിത്ര കരാറിന് സാക്ഷിയായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമുണ്ടായിരുന്നു. യുഎസ്-താലിബാന് കരാറില്‍ അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ താലിബാനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് അഫ്ഗാനിസ്ഥാന് പ്രതികരിച്ചു. യുഎസില്‍ ജയിലിലുള്ള അയ്യായിരം താലിബാന്‍കാരെയും ആയിരം അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥരെയും മോചിപ്പിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
അഫ്ഗാനിസ്ഥാനില്‍ സമാധാനത്തിന്റെ പ്രധാന ചുവടുവയ്പ്പാണിതെന്ന് യുഎന്‍ സെക്രട്ടറി ജെനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. അഫ്ഗാന് ജനതയെ ഭീകരതയില്‍ നിന്ന് മോചിപ്പിക്കാനുള്ള ആദ്യ ശ്രമമായി ഇതിനെ കാണാമെന്നും അഫ്ഗാനൊപ്പം സുഹൃത്തുക്കളായി എന്നും നിലകൊള്ളുമെന്നും യുകെ പ്രതിരോധ സെക്രട്ടറി വെന്‍ വാലെസ് പറഞ്ഞു. നേരത്തെ ഒമ്പത് തവണ കരാറിലെത്താന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നീണ്ടുപോയി. കരാറിലെത്തുന്നതിന് ഒരാഴ്ച മുമ്പ് അക്രമങ്ങളുടെ വ്യാപ്തി കുറയ്ക്കുമെന്ന് താലിബാന് പ്രസ്താവന നടത്തിയിരുന്നു. ഇതാണ് ചരിത്ര നീക്കത്തിലേക്ക് വഴി തുറന്നത്. എന്നാല്‍ താലിബാന്റെ പ്രസ്താവന ഇറങ്ങിക്കഴിഞ്ഞും ഇരുപത്തിരണ്ട് അഫ്ഗാന് സൈനികരും പതിനാല് പൗരന്മാരും താലിബാന് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന് സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: