ന്യൂദല്‍ഹി: ഒരാളുടെ പ്രതിഷേധിക്കാനുള്ള അവകാശം നടപ്പാക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാകരുതെന്ന് സുപ്രീംകോടതി. വര്‍ഷങ്ങളായി ജില്ലാ കോടതിയുടെ നടപടികള്‍ ബഹിഷ്കരിച്ചുള്ള അഭിഭാഷകരുടെ പ്രവൃത്തിക്കെതിരെ നടപടിയെടുത്തുകൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീംകോടതിയുടെ പരാമര്‍ശം.
ഹൈക്കോടതി വിധിക്കെതിരെ അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകരുടെ വാദങ്ങളെയെല്ലാം എതിര്‍ത്താണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എം.ആര്. ഷാ എന്നിവര്‍ ഹൈക്കോടതി വിധി ശരിവച്ചത്. അന്യായക്കാര്‍ക്കു വേണ്ടിയോ നീതി നിര്‍വഹണ വ്യവസ്ഥയ്ക്കു വേണ്ടിയോ അവകാശങ്ങളെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി നടപടികള്‍ ബഹിഷ്കരിച്ചുള്ള പ്രതിഷേധത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒപ്പം അഭിഭാഷകരുടെ പ്രതിഷേധങ്ങള്‍ കോടതിയലക്ഷ്യമാണെന്നും കോടതി നിരീക്ഷിച്ചു.
ഇത് വ്യക്തമാക്കി ബാര്‍ കൗണ്‍സിലിന് നോട്ടീസയച്ചു. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ച് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ബാര്‍ കൗണ്‍സിലിനെയും കോടതി വിമര്‍ശിച്ചു.
ഹൈക്കോടതി വിധി പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. കോടതി നടപടികള്‍ തടസപ്പെടുത്തിയുള്ള ഈ പ്രതിഷേധം സമാധാനപരമായ പ്രതിഷേധത്തിന്റെ പ്രതീകമാണ്. അഭിഭാഷക സമൂഹത്തിന്റ ആവലാതികളാണ് ഇതിലൂടെ തുറന്നുകാട്ടുന്നതെന്നും അഭിഭാഷകര്‍ പറയുന്നു.
മുപ്പത്തിയഞ്ച് വര്‍ഷമായി ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദംസിങ് നഗര്‍ എന്നീ ജില്ലാ കോടതികളിലെ അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിക്കുകയാണ്. 2012-2016 വര്‍ഷങ്ങളില്‍ ഡെറാഡൂണില്‍ 455 പ്രവൃത്തി ദിവസവും ഹരിദ്വാറില്‍ 515 ദിവസവും ഇവര്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ചതായി നിയമ കമ്മീഷന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: