കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ജില്ലാ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന് ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് ഡിഐജി ടി.കെ. വിനോദ്കുമാര്‍ ചൂണ്ടിക്കാട്ടുന്നത്.
ജോളിയെ താമസിപ്പിക്കുന്ന വനിതാ വിങ്ങിലെ സെല്ലിന് പുറത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും ശുപാര്‍ശ ചെയ്തു. സിസിടിവി നിരീക്ഷിക്കുന്നതിന് ഒരു വനിതാ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ജയില്‍ അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജോളിക്കെതിരെ ആത്മഹത്യാശ്രമത്തിന് കസബ പോലീസ് കേസെടുത്തു.
സുരക്ഷയുടെ ഭാഗമായി ഇന്നലെ മുതല്‍ ജോളിയെ നിരീക്ഷിക്കുന്നതിനുള്ള ജയില്‍ വാര്ഡന്മാരുടെ എണ്ണം വര്‍ധിപ്പിക്കുകയും സഹതടവുകാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കു ശേഷം ജോളി തിരിച്ചെത്തുന്നത് പുതിയ സുരക്ഷാസംവിധാനത്തിലേക്കാകും. അതേസമയം, ജോളി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്നാണ് ഡിഐജിയുടെ കണ്ടെത്തല്‍. ജോളിയെ നിരീക്ഷിക്കുന്നതിനും മറ്റുമായി പ്രത്യേക സംവിധാനം ജയിലില്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇതിനു പുറമെയാണ് പുതിയ നിര്‍ദേശങ്ങള്‍.
ജോളിയെ നിരീക്ഷിക്കാന്‍ മാത്രമായി മൂന്നു ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. രാത്രി കാവലിനും ഇവരെ നിയോഗിച്ചിരുന്നു. ആത്മഹത്യാശ്രമമുണ്ടായ സാഹചര്യത്തില്‍ ഒരാളെ കൂടി സുരക്ഷയ്ക്കായി ചുമതലപ്പെടുത്തി. അസ്വാഭാവികത പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ജയിലധികൃതരെ അറിയിക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാ പ്രവണതയുള്ളതിനാല്‍ ജോളിക്ക് കൗണ്‍സിലിങ് നല്‍കാറുണ്ടെന്നും ഇനിയും കൗണ്‍സിലിങ് തുടരുമെന്നും ഡിഐജി പറഞ്ഞു. സിസിടിവി സ്ഥാപിക്കുന്നതിന് ഡിജിപിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജയിലധികൃതര്‍ പറഞ്ഞു.
ജോളി ജാമ്യാപേക്ഷ നല്കി
കൊച്ചി: കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് കൂടത്തായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണിത്. കേസുകളില്‍ ജാമ്യം തേടി താമരശേരി കോടതിയിലും കോഴിക്കോട് ജില്ലാ കോടതിയിലും നല്കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.
2011 സപ്തംബര്‍ 30നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്. റോയിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജോളി ഭര്‍ത്താവിന് സയനൈഡ് നല്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി 2019 ഒക്ടോബര്‍ അഞ്ചിന് ഇവരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: