സിഡ്നി: അയല്‍ക്കാരാണ്, സുഹൃത്തുക്കളാണ് കാര്യമൊക്കെ ശരി… പക്ഷെ, സ്വന്തം പൗരന്മാരുടെ കാര്യം വരുമ്പോള്‍ സൗഹൃദമൊക്കെ പടിക്കുപുറത്ത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രാജ്യമെങ്ങും കലാപമഴിച്ചുവിടുന്നവര് കാണുക… അടുത്ത സുഹൃത്തുക്കളായ, അയല്‍രാജ്യങ്ങളായ, ഒരേ ഭൂപ്രകൃതിയും സംസ്കാരവുമുള്ള ന്യൂസിലന്‍ഡിനോട് ഓസ്ട്രേലിയ സ്വീകരിക്കുന്ന നിലപാട്.
ലോകരാജ്യങ്ങള്‍ സ്വന്തം പൗരന്മാരുടെ ക്ഷേമത്തിനു നല്കുന്ന പ്രാധാന്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഓസ്ട്രേലിയന്‍ നയം. ഓസ്ട്രേലിയയില്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്ന ന്യൂസിലന്‍ഡ് പൗരന്മാരെ നാടുകടത്തുകയാണ് അവര്‍. ഇതുവരെ ഏകദേശം രണ്ടായിരത്തിലധികം പേരെ തിരിച്ചയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടു വര്‍ഷം മുന്‍പാണ് ഓസ്ട്രേലിയ ഇത്തരമൊരു നടപടിക്ക് തുടക്കം കുറിച്ചത്. അന്നു മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്. അടുത്തിടെ നടപടിക്കു വേഗമേറി. ഇതോടെ, ഇതൊരു നയതന്ത്ര പ്രശ്നമായി മാറി. ഒരു പൊതുചടങ്ങില്‍ ഒരുമിച്ചെത്തിയപ്പോള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണും ഇതേച്ചൊല്ലി വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്തു.
ഓസ്ട്രേലിയന്‍ നടപടി നയതന്ത്ര സൗഹൃദങ്ങള്‍ പരീക്ഷണശാലയിലാക്കുന്നുവെന്നാണ് ആര്‍ഡേണ്‍ പറഞ്ഞത്. ഓസ്ട്രേലിയ പുറത്താക്കിയവരില്‍ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളും സ്ത്രീകളുമാണെന്നും അവരൊന്നും കുറ്റകൃത്യം ചെയ്യാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്നുമാണ് ആര്‍ഡേണിന്റെ നിലപാട്. ഓസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന ന്യൂസിലന്‍ഡുകാരാണ് ഇവരില്‍ ഭൂരിഭാഗം. അവര്‍ക്ക് ന്യൂസിലന്‍ഡില്‍ കാര്യമായ വേരുകള്‍ പോലുമില്ല. എന്നാല്‍, ഇവരെയെല്ലാം സംരക്ഷിക്കുമെന്നും ആര്‍ഡേണ്‍ വ്യക്തമാക്കി.
അതേസമയം, നയം മാറ്റില്ലെന്ന് മോറിസണ്‍ ആവര്‍ത്തിച്ചു. രാജ്യത്തെ പൗരന്മാരെ കാത്തുരക്ഷിക്കാനുള്ളതാണ് ഈ നയം. ന്യൂസിലന്ഡുകാര്ക്കെതിരെ മാത്രമല്ല, കുറ്റകൃത്യം ചെയ്യുന്ന എല്ലാ വിദേശികള്‍ക്കും നിയമം ബാധകമാണ്. യൂറോപ്യന്മാരും, ഇന്ത്യക്കാരും, ചൈനക്കാരുമടക്കം ഓസ്ട്രേലിയന്‍ പൗരന്മാരായുണ്ട്. നിയമം ഇവരെയും ബാധിക്കും, മോറിസണ്‍ പറയുന്നു.
രാജ്യവും പൗരന്മാരും ആദ്യമെന്ന് ലോക വ്യാപകമായി ഉയരുന്ന വികാരത്തിന്റെ പ്രതിഫലനമാണ് ഓസ്ട്രേലിയന്‍ നീക്കമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. ഓസ്ട്രേലിയന്‍ നടപടിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കില്ലെന്ന് ആര്‍ഡേണ്‍ പറയുന്നുണ്ടെങ്കിലും, ന്യൂസിലന്‍ഡില്‍ അത്തരമൊരു വികാരമുയരുന്നുണ്ട്. അടുത്ത് നടക്കാനുള്ള തെരഞ്ഞെടുപ്പില്‍ ഈ വിഷയം പ്രതിഫലിക്കുമെന്നും ആര്‍ഡേണ്‍ ഭയക്കുന്നു. ഓസ്ട്രേലിയ മയപ്പെട്ടില്ലെങ്കില്‍ ന്യൂസിലന്‍ഡിനും കടുത്ത നടപടിക്ക് ഒരുങ്ങേണ്ടിവരുമെന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: