ബീജിങ്: നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ ബ്രസീലിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ അന്റാര്‍ട്ടിക്ക ഒഴികെ ആറ് ഭൂഖണ്ഡങ്ങളും കൊറോണ ഭീതിയില്‍. ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം ഇന്നലെ 83,000 കടന്നു. 2850 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ മാത്രം 78,824 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 44 പേര് ചൈനയില്‍ മരിച്ചു. 327 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ചൈനയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിലായി വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 71 ആയി. ഏറ്റവുമധികം പേരില്‍ കൊറോണ സ്ഥിരീകരിച്ച രണ്ടാമത്തെ രാജ്യമായ ദക്ഷിണ കൊറിയയില്‍ വൈറസ്ബാധിതരുടെ എണ്ണം 2337 കടന്നു. ഇന്നലെ മാത്രം 571 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ മരണം പതിമൂന്നായി. ദക്ഷിണ കൊറിയന്‍ സൈനികരിലും കൊറോണ പിടിമുറുക്കുന്നതായാണ് വിവരം.
ജപ്പാനില്‍ കൊറോണ മരണം ഒമ്പതായി. വൈറസ് ബാധിച്ച് ജപ്പാനില്‍ ചികിത്സയിലായിരുന്ന എഴുപതുകാരന് ഇന്നലെ മരിച്ചതായി ജപ്പാന് ആരോഗ്യമന്ത്രാലയം അറിയിച്ചു. യൂറോപ്പില്‍ ഏറ്റവുമധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ വൈറസ് ബാധിതരുടെ എണ്ണം 650 ആയി. ആയിരങ്ങള്‍ നിരീക്ഷണത്തിലാണ്.
ബ്രസീല്‍, ബെലാറസ്, ലിത്വാനിയ, നൈജീരിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ആദ്യ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ പൗരനിലാണ് നൈജീരിയയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ബെലാറസില്‍ രോഗം റിപ്പോര്‍ട്ട്ചെയ്തത് ഇറാനില്‍ നിന്നുള്ള വിദ്യാര്‍ഥിക്കാണ്.
ഫ്രാന്‍സില്‍ രണ്ട് പേര്‍ക്കുകൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഫ്രാന്‍സിലെ ആകെ രോഗികളുടെ എണ്ണം നാല്‍പ്പതായി. പശ്ചിമേഷ്യയില്‍ ഏറ്റവുമധികം വൈറസ് ബാധ സ്ഥിരീകരിച്ച ഇറാനില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥന ഒഴിവാക്കി. വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറാനിലെ എല്ലാ സ്കൂളുകള്‍ക്കും മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: