നെടുമണ്‍കാവ് (കൊല്ലം): പ്രാര്‍ഥനകള്‍ വിഫലം. ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി വ്യാഴാഴ്ച രാവിലെ കാണാതായ ആറു വയസ്സുകാരി ദേവനന്ദയുടെ ചേതനയറ്റ ശരീരം കണ്ടെത്തി. ഇന്നലെ രാവിലെ ഏഴരയോടെയാണ് ദേവനന്ദയുടെ വീടിനടുത്തുകൂടി ഒഴുകുന്ന ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറ്റിലെ തടയണയ്ക്കു സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
കുടവട്ടൂര്‍ ദീപാ ഭവനില്‍ പ്രദീപ്കുമാര്‍-ധന്യ(അമ്പിളി) ദമ്പതികളുടെ മകളാണ് കൊട്ടാരക്കര വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനി പൊന്നു എന്ന് വിളിക്കുന്ന ദേവനന്ദ. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കവെ വ്യാഴാഴ്ച രാവിലെ പത്തേകാലോടെ ദേവനന്ദയെ കാണാതാവുകയായിരുന്നു. ധന്യയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയതും പോലീസില്‍ വിവരമറിയിച്ചതും.
ഈ സമയം കുട്ടിയുടെ അപ്പൂപ്പന് ജോലിക്കും അമ്മൂമ്മ തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു.ദേവനന്ദയുടെ അമ്മ വീടായ പള്ളിമണ്‍ ഇളവൂരിലെ ധനീഷ് ഭവനില്‍ നിന്ന് 500 മീറ്റര്‍ അകലെ റബ്ബര്‍തോട്ടം കഴിഞ്ഞ് പള്ളിമണ്‍ ആറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ആറിന് കുറുകെയുള്ള നടപ്പാലത്തിന് സമീപത്തുനിന്ന് ഷാളാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം കുറച്ചകലെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.
തടയണ കഴിഞ്ഞ് കുറ്റിക്കാടിനോട് ചേര്‍ന്ന് വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കുട്ടിയുടെ തലമുടി കുരുങ്ങി മൃതദേഹം തങ്ങിനില്ക്കുകയായിരുന്നു. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തിലുമുണ്ടായിരുന്നത്. ഇന്നലെ രാവിലെ കോസ്റ്റല്‍ പോലീസിലെ അഴീക്കല്‍, വാടി സ്റ്റേഷനുകളില്‍ നിന്നെത്തിയ ആഴക്കടല്‍ മുങ്ങല്‍വിദഗ്ധരുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: