കൊല്ലം: ഒടുവില്‍ ഭാഗീരഥിയമ്മയ്ക്കും ആധാര്‍ കാര്‍ഡ് ലഭിക്കുന്നു. ഇനി ശരിയാകേണ്ടത് പെന്ഷന്. നാലാംതരം തുല്യതാപരീക്ഷ ഉയര്‍ന്ന മാര്‍ക്കില്‍ പാസായതോടെ കഴിഞ്ഞയാഴ്ചത്തെ മന് കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 105 വയസുകാരിയായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
ഇതറിഞ്ഞ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം നീറമണ്‍കര ശാഖാ മാനേജര്‍ പ്രശാന്ത് ഉറച്ച തീരുമാനമെടുക്കുകയായിരുന്നു, ഭാഗീരഥിയമ്മയെ സഹായിക്കണമെന്ന്. ആധാര്‍കാര്‍ഡ് ഇല്ലാത്തത് കാരണം ഭാഗീരഥിയമ്മയ്ക്ക് ഉണ്ടായ പ്രയാസങ്ങള്‍ ചെറുതായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞ മാനേജര്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് പദ്ധതി തയാറാക്കി. അത് നടപ്പാക്കാന്‍ ബാങ്കിലെ നാലംഗ ടീം കിലോമീറ്ററുകള്‍ താണ്ടി പ്രാക്കുളത്തെ അമ്മയുടെ വീട്ടിലെത്തി. പരിശ്രമം വെറുതെയായില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ ആധാര്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി അക്നോളജ്മെന്റ് നോട്ടീസ് ഭാഗീരഥിയമ്മയ്ക്ക് കൈമാറിയാണ് അവര്‍ യാത്ര പറഞ്ഞത്.
ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ പ്രശാന്തിനെ കൂടാതെ സഹപ്രവര്‍ത്തകരായ റിയാദ്, അനുകിരണ്, ബാങ്കിന്റെ ആധാര്‍ ഓഫീസര്‍ സൗമ്യ എന്നിവരാണ് ഭാഗീരഥിയമ്മയ്ക്ക് സഹായഹസ്തവുമായി എത്തിയത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ച സംഘം ഉച്ചയ്ക്ക് 12ന് ആധാര്‍ രജിസ്ട്രേഷനുള്ള ഉപകരണങ്ങളുമായി പ്രാക്കുളം ഗോസ്തലക്കാവിലെ ഭാഗീരഥിയമ്മയുടെ നന്ദധാം എന്ന വീട്ടിലെത്തി.
നാലുതവണ കൈവിരലുകളും കണ്ണും സ്കാന്‍ ചെയ്തെങ്കിലും പരാജയമായിരുന്നു ഫലം. എന്നാല്‍ പ്രശാന്തും കൂട്ടരും തോറ്റു പിന്മാറാന് തയാറായില്ല. വിവരം ആധാര്‍ ചുമതലയുള്ള യുഐഡിയുടെ ബെംഗളൂരു സെന്ററില്‍ അറിയിച്ചു. അവര്‍ ഓണ്‍ലൈനിലൂടെ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷമാണ് ചില ഇളവുകളോടെ ആധാര്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ആധാര്‍ കാര്‍ഡ് ഭാഗീരഥിയമ്മയ്ക്ക് തപാല്‍വഴി എത്തിച്ചേരും. രജിസ്ട്രേഷന് പൂര്‍ത്തിയാക്കി അക്നോളജ്മെന്റ് നോട്ടീസിന്റെ പകര്‍പ്പ് ഏറ്റുവാങ്ങിയപ്പോള്‍ ഭാഗീരഥിയമ്മയ്ക്ക് ആഹ്ലാദം.
ഒപ്പമുണ്ടായിരുന്ന ഇളയമകള്‍ തങ്കമണിയമ്മയും സാക്ഷരതാമിഷന്‍ പ്രവര്‍ത്തകരായ എസ്.എന്‍. ഷെര്‍ളി, വസന്തകുമാര്‍ എന്നിവരും ആ സന്തോഷം പങ്കിട്ടു. ഭാഗീരഥിയമ്മ നാലാംതരം പാസായത് 75 ശതമാനം മാര്‍ക്കോടെയാണ്.
ഭാഗീരഥിയമ്മ
വളരെ സന്തോഷം തോന്നുന്നു, ആധാര്‍ ഇല്ലാത്തത് പെന്ഷന് കിട്ടാത്തതിന് പ്രധാന കാരണമായിരുന്നു.
പെന്ഷന് കിട്ടാത്തതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിട്ടില്ല. ഇനി വോട്ട് ചെയ്യും. ആധാര്‍ എടുത്തുതരാന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി, സന്തോഷം, അഭിമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: