ബെംഗളൂരു: പരമേശ്വര്‍ജിയുടെ ജീവിതം ഒരു തപസ്യയായിരുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ബെംഗളൂരു ഇന്ദിരാനഗര്‍ സംഗീതസഭയില്‍ നടന്ന പി. പരമേശ്വര്‍ജി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവത്ഗീതയില്‍ ഭഗവാന് ശ്രീകൃഷ്ണന് പറഞ്ഞിട്ടുണ്ട്, ജനിച്ചവര്‍ മരിക്കണം, മരണം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണെന്ന്. എങ്കിലും ചില വ്യക്തികള്‍ പോകുമ്പോഴുണ്ടാകുന്ന ആഘാതം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അവരുടെ സ്ഥാനം മറ്റാര്‍ക്കും ഏറ്റെടുക്കാന്‍ പറ്റില്ല. സ്വന്തം ജീവിതം തന്നെ ജനങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ച വ്യക്തിയായിരുന്നു പരമേശ്വര്‍ജി. സംഘത്തിനു വേണ്ടി സ്വന്തം ജീവിതത്തിന്റെ പാതിയല്ല, ജീവിതം തന്നെയാണ് അദ്ദേഹം മാറ്റി വച്ചത്.
ഏഴു പതിറ്റാണ്ടോളം സംഘത്തിനുവേണ്ടി സംഘത്തിലൊരാളായി നിന്ന പരമേശ്വര്‍ജിയായിരുന്നു സംഘത്തിന്റെ മഹത്വം പറയാന്‍ അനുയോജ്യനായ വ്യക്തി. പരമേശ്വര്‍ജിയുടെ ശരീരമാണ് ഇല്ലാതായതെന്നും ആശയങ്ങളും വിചാരങ്ങളും സംഘത്തിലൂടെ മുന്‍പോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് കര്‍ണാടക ദക്ഷിണ് പ്രാന്ത സഹ സമ്പര്‍ക്ക പ്രമുഖ് ദേവാനന്ദ്, കേരള പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് കാ.ഭാ. സുരേന്ദ്രന് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: