ഇടുക്കി: കൃഷിവകുപ്പിലെ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്മാരുടെ ഓണ്‍ലൈനിലൂടെയുള്ള സ്ഥലംമാറ്റം അട്ടിമറിക്കാന്‍ ശ്രമം. ഡയറക്ടര്‍ നിയന്ത്രിക്കുന്ന സംസ്ഥാനതല സ്ഥലംമാറ്റങ്ങള്‍ ജില്ലാ പ്രിന്‍സിപ്പല്‍ ഓഫീസര്‍മാരിലേക്ക് കൈമാറാനാണ് പുതിയ തീരുമാനം.
രണ്ട് വര്‍ഷമായി വകുപ്പിലെ 3170 കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്. എന്‍ഐസി തയാറാക്കിയ സോഫ്റ്റ്വെയര് വഴിയാണിത്. വലിയ അപാകതകളില്ലാതെയും അഴിമതി നിറഞ്ഞ സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിച്ചുമാണ് ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവന്നത്. എന്നാല്‍, ഭരണപക്ഷ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിക്കുകയാണെന്ന് ഒരുവിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ 17ന് കൃഷി വകുപ്പ് ഡയറക്ടര്‍ വിളിച്ച യോഗത്തിലാണ് നിലവിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നിയമപ്രകാരം സംസ്ഥാനതല ഉദ്യോഗസ്ഥരുടെ നിയമനം ഡയറക്ടറാണ് നടത്തേണ്ടത്. പുതിയ രീതിയില്‍ നിയമം വന്നാല്‍ 14 ജില്ലയിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്കാകും ചുമതല. ഇതിനെ മുഖ്യധാര സംഘടനകളെല്ലാം അനുകൂലിച്ചപ്പോള്‍ എന്‍ജിഒ സംഘ് ശക്തമായി എതിര്‍ത്തു.
മുമ്പ് പലതവണ അനധികൃതമായി ഭരണപക്ഷ സംഘടനകള്‍ സ്ഥലംമാറ്റത്തിന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിനെതിരെ വകുപ്പിലെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മാനദണ്ഡങ്ങള്‍ തിരുത്താനുള്ള ശ്രമം. ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നതാണ് ഇതിനായി ഇവര്‍ നിരത്തുന്ന കാരണം.
അതേസമയം, 15,000 വരുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സുതാര്യമായി നടക്കുന്നുണ്ട്. ഈ സമയത്താണ് ഇതിന്റെ അഞ്ചിലൊന്ന് മാത്രമുള്ള കൃഷിവകുപ്പില്‍ അപാകതയെന്ന് പറയുന്നത.് ഇത് ഭരണപക്ഷ സംഘടനകളുടെ സ്വേച്ഛാധിപത്യ ഇടപെടലിനും അഴിമതിക്കും വേണ്ടിയാണെന്നാണ് ഭൂരിപക്ഷം അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റുമാരുടെയും അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: