കുളത്തൂപ്പുഴ (കൊല്ലം): കുളത്തൂപ്പുഴ വനമേഖലയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. പാക്കിസ്ഥാനില്‍ നിര്മിച്ചവയെന്നു സംശയം. മടത്തറ പാതയില്‍ മുപ്പതടി പാലത്തിന് സമീപം മലയാളം ദിനപത്രത്തില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകളില്‍ പിഒഎഫ് (പാക്കിസ്ഥാന് ഓര്‍ഡ്നന്‍സ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പാക് ആയുധ നിര്‍മാണ ശാലയില്‍ നിന്നുള്ള വെടിയുണ്ടകള്‍ എന്നു സംശയം തോന്നിയതിനെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി. 1980 കാലഘട്ടത്തില്‍ നിര്‍മിച്ച വെടിയുണ്ടകളാണിവയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
കൊട്ടാരക്കരയില്‍ നിന്നും ബാലസ്റ്റിക് വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. ദീര്‍ഘദൂര മെഷീന് ഗണ്ണുകളില്‍ ഉപയോഗിക്കുന്നതാണ് ഈ വെടിയുണ്ടകള്‍. പന്ത്രണ്ട് വെടിയുണ്ടകളില്‍ 72 പി.ഒ.എഫ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 7.62 ണ്മ 51 എം.എം ഇനത്തില്പ്പെട്ടവയാണിത്. രണ്ട് വെടിയുണ്ടകള്‍ 7.26 ണ്മ38 എം.എം ഇനത്തില്‍പ്പെട്ടവയാണ്. ഇവ എകെ 47ല്‍ ഉപയോഗിക്കുന്നതാണ്. പതിനാല് വെടിയുണ്ടകള്‍ക്കും ഒരേ വ്യാസമാണ്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ വാഹനം നിര്‍ത്തി പാലത്തിനു സമീപം വിശ്രമിക്കുകയായിരുന്ന ചിലരാണ് വെടിയുണ്ടകള്‍ ആദ്യം കണ്ടത്. സംശയകരമായ രീതിയില്‍ ഒരു പൊതി കിടക്കുന്നതു കണ്ട് ഇവര്‍ പരിശോധിക്കുകയായിരുന്നു. വെടിയുണ്ടകളാണെന്ന് മനസ്സിലായതോടെ വിവരം കുളത്തൂപ്പുഴ പോലീസിനെ അറിയിച്ചു.
പോലീസുകാരും പട്ടാളക്കാരും ഉപയോഗിക്കുന്ന തോക്കുകളിലെ വെടിയുണ്ടകളോട് സാമ്യമുള്ളവയാണ് കണ്ടെത്തിയ വെടിയുണ്ടകളെന്ന് കൊല്ലത്തുനിന്നെത്തിയ ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. 12 വെടിയുണ്ടകള്‍ ലൈറ്റ് മെഷീന് ഗണ്ണില്‍ ഉപയോഗിക്കുന്ന മാതൃകയില്‍ ചെയിന്‍ പോലെ ഒരുമിച്ചും രണ്ടെണ്ണം അതില്‍ നിന്ന് വ്യത്യസ്തമായി ഊരിക്കിടക്കുന്ന വിധം പ്രത്യേകവുമായിരുന്നു. വെടിയുണ്ടകള്‍ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചു.
ബാലസ്റ്റിക് വിദഗ്ധരുടെ പരിശോധനയ്ക്കുശേഷം മാത്രമേ വെടിയുണ്ടകള്‍ ഏതുതരം തോക്കില്‍ ഉപയോഗിക്കുന്നവയാണെന്ന് കൃത്യമായി മനസ്സിലാകൂ. ഇതിന്റെ ബാച്ച് നമ്പര്‍ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.
പൊതിഞ്ഞിരിക്കുന്ന പത്രത്തിന് കാലപ്പഴക്കമുണ്ടെങ്കിലും ഇത് അവിടെ എത്തിയിട്ട് അധികം നാളായില്ലെന്നാണ് പോലീസ് നിഗമനം. വെയിലും മഴയുമേറ്റാല് സംഭവിക്കുന്ന കുഴപ്പങ്ങളൊന്നും വെടിയുണ്ടകള്‍ പൊതിഞ്ഞ പത്രത്തിനുണ്ടായിട്ടില്ല.
പുനലൂര്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിവൈഎസ്പി അനില്‍ദാസ്, കൊല്ലം റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബി. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ കുളത്തൂപ്പുഴയിലെത്തി തുടരന്വേഷണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: