കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിലെ മൂന്നാം പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടപടി തുടങ്ങി. കേസിലെ മൂന്നാം പ്രതി മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി സി.പി. ഉസ്മാന് (40) വേണ്ടിയാണ് എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്.
എന്‍ഐഎ ആവശ്യപ്പെട്ടതനുസരിച്ച് എന്‍ഐഎ കോടതി ഉസ്മാനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് അറസ്റ്റ് വാറന്റ് ആവശ്യമാണ്. ഈ ആഴ്ചതന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. അര്‍ബന്‍ മാവോയിസ്റ്റുകളായ അലന് ഷുഹൈബിനെയും ത്വാഹ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത് കഴിഞ്ഞ നവംബര്‍ ഒന്നിനാണ്. തുടര്‍ന്ന് യുഎപിഎ ചുമത്തി ഇരുവരെയും അറസ്റ്റു ചെയ്തു.
അലനും ത്വാഹയും പിടിയിലാകുന്ന സമയത്ത് ഇവരോടൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞിരുന്നു. ഓടി രക്ഷപ്പെട്ടത് ഉസ്മാന് ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉസ്മാനെ കണ്ടെത്താനാണ് എന്‍ഐഎ ലുക്ക് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
ഒളിവില്‍ കഴിയുന്ന ഉസ്മാന് മാവോയിസ്റ്റ് സംഘടനയിലെ അംഗമാണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മാവോയിസ്റ്റ് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും എന്‍ഐഎ അറിയിച്ചു. ഉസ്മാന് രാജ്യം വിടാന്‍ സാധ്യതയില്ലെന്നും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചാല്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 20നാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. കേസില്‍ യുഎപിഎ ചുമത്തിയതും എന്‍ഐഎ ഏറ്റെടുത്തതും ഏറെ വിവാദമായിരുന്നു. പുറമേ സിപിഎം പ്രവര്‍ത്തകരായിരുന്ന ഇരുവരെയും സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: