തൃശൂര്‍: പോലീസിലെ അഴിമതി സംബന്ധിച്ച ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് അഴിമതിക്കാരെ വെള്ളപൂശാനുള്ളതെന്ന് ബിജെപിസംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിക്കും അഴിമതിക്കാര്‍ക്കും പറഞ്ഞുനില്ക്കാനുള്ള വാദമുഖങ്ങള്‍ മാത്രമാണ് ഈ റിപ്പോര്‍ട്ട്.
സെക്രട്ടറിയെ അന്വേഷണമേല്‍പ്പിച്ച് അല്‍പ്പസമയം മാത്രമേ ആയിട്ടുള്ളൂ. അതിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ വെള്ളപൂശി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തന്നെ ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പില്‍ നടന്ന അഴിമതി അതേ വകുപ്പിന്റെ സെക്രട്ടറി അന്വേഷിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളം കണ്ട ഏറ്റവും ഭീമമായ അഴിമതികളിലൊന്നാണ് പോലീസ് സേനയിലേത്. സുതാര്യമായ ടെന്‍ഡര്‍ നടപടികളോ കണക്കു സൂക്ഷിക്കുന്ന ഫയലുകളോ ഇല്ലാതെ ശതകോടികള്‍ കൊള്ളയടിക്കുന്നു. കെല്‍ട്രോണ്‍ പോലെയുള്ള സ്ഥാപനങ്ങള്‍ അഴിമതി നടത്തുന്നതിനുള്ള മറയായിട്ട് വര്‍ഷങ്ങളായി.
ഭരണകാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ ഖജനാവ് കട്ടുമുടിക്കുന്ന തിരക്കിലാണ് പിണറായി സര്‍ക്കാരെന്നും സുരേന്ദ്രന് പരിഹസിച്ചു. സിഎജി പോലെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ അവര്‍ക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാര്‍, എ. നാഗേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: