കൊച്ചി: പോലീസിന്റെ ‘തോക്കും ഉണ്ട’യും കാണാതായതുപോലെ സംസ്ഥാന പൊതുഖജനാവിലെ പണവും എങ്ങോട്ടോ പോകുന്നു. ഇത് കണ്ടെത്താതിരിക്കാന്‍ ഓഡിറ്റിങ് ഒഴിവാക്കാന്‍ പിണറായി സര്‍ക്കാര്‍ കേന്ദ്ര ധന സഹായങ്ങള്‍ പോലും ഉപേക്ഷിക്കുന്നു.പദ്ധതി വിഹിതം വെട്ടിക്കുറച്ചതുള്‍പ്പെടെയുള്ള നടപടികള്‍ വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകളാണ്. നടപ്പാകില്ലെന്ന് ഉറപ്പായ കേരള ബാങ്ക് പദ്ധതിക്ക് ഇതുവരെ ചെയ്തതെല്ലാം അബദ്ധവുമായി.
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകാര്‍ പൂര്‍ത്തിയാക്കിയ ജോലികളുടെ പണം കിട്ടാത്തതിനാല്‍ പ്രതിഷേധത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിത വിനിയോഗം സംസ്ഥാന ശരാശരി 50 ശതമാനത്തില്‍ താഴെയാണ്.
കേരളത്തിന്റെ സ്വന്തം ബാങ്കെന്ന പേരില്‍ ആസൂത്രണം ചെയ്ത കേരള ബാങ്ക് സംസ്ഥാനത്തിന് കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയത്. സഹകരണ ബാങ്കുകളുടെ ട്രഷറി നിക്ഷേപം ഒന്നിച്ച് പിന്‍വലിച്ചതടക്കം അതിനു കാരണമാണ്. ബദല്‍ സംവിധാനമായി കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്പ്പഷന് (എന്‍സിഡിസി) വഴി സഹകരണ മേഖലയില്‍ വായ്പ ലഭ്യമാക്കാനുമുള്ള വ്യവസ്ഥകളുണ്ടായിട്ടും നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. ആ പണത്തിന് കൃത്യമായ കണക്കും മേല്‍നോട്ടവും ഉണ്ടാകുമെന്നതാണ് കാരണം. ശതകോടിക്കണക്കിന് കേന്ദ്ര വായ്പ ഇങ്ങനെ സ്വീകരിച്ച് വിവിധ സംസ്ഥാനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
എന്നാല്‍, ആ പണത്തിന്റെ വരവ്-ചെലവുകള്‍ക്ക് കൃത്യമായ കണക്കു സമര്‍പ്പിക്കണം. അതിന് പ്രത്യേക ഇലക്ട്രോണിക് സാമ്പത്തിക ഇടപാടിനുള്ള സാങ്കേതിക സംവിധാനമുണ്ട്. അതുപയോഗിച്ചാല്‍ പണ വിനിയോഗത്തിന്റെ അതിസൂക്ഷ്മ കാര്യങ്ങള്‍ പോലും അറിയാം. ഇതൊഴിവാക്കാന്‍ കേന്ദ്ര സഹായം ആവശ്യപ്പെടാതിരിക്കുകയും കേന്ദ്രം സാമ്പത്തിക സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നുവെന്ന് നുണ പ്രചാരണം നടത്തുകയുമാണ്. സംസ്ഥാനത്ത് തൊഴിലുറപ്പു പദ്ധതിക്കുള്‍പ്പെടെ കേന്ദ്രത്തിന്റെ തുടര്‍ സഹായം വൈകുന്നതും ശരിയായ കണക്കു കൊടുക്കാനാവാത്തതു മൂലമാണ്.
സംസ്ഥാന പദ്ധതി എത്ര കോടി രൂപയുടേതായാലും അതിന് കേന്ദ്ര നിതി ആയോഗോ സര്‍ക്കാരോ ഒരു തടസവും പറയാറില്ല. കേന്ദ്രം സംസ്ഥാനത്തിന് നല്കുന്ന വിഹിതം കഴിഞ്ഞ് ബാക്കി വിഭവ സമാഹരണം നടത്തേണ്ടത് സംസ്ഥാനമാണ്. അതിനുള്ള മാര്‍ഗങ്ങള്‍ യുക്തിപൂര്‍വമാണോ എന്നേ നോക്കാറുള്ളൂ. സംസ്ഥാനം ഇത്തവണ പദ്ധതി വിഹിതം കുറച്ചത് വരാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക മൂലമാണ്. എന്നാല്‍, സംസ്ഥാനം കേന്ദ്രത്തില്‍നിന്ന് ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങള്‍ രാഷ്ട്രീയ വിയോജിപ്പുമൂലം നേടിയെടുക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: